സംഘര്‍ഷം തുടരുന്ന ജമ്മുകശ്മീരില്‍ ഈദിന് മുന്‍പ് കൂടുതല്‍ ഭീകരാക്രമണം നടക്കും എന്ന വിവരം ശരിവയ്ക്കുന്നതാണ് ഇന്നത്തെ ഏറ്റുമുട്ടല്‍. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ച കെട്ടിടം സൈന്യവും പോലീസും ചേര്‍ന്ന് വളയുകയായിരുന്നു. നാലു ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 

നിരവധി ആയുധങ്ങളും സൈന്യം ഇവിടെ നിന്ന് പിടിച്ചെടുത്തു. രണ്ടിടത്ത് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ നീക്കം സൈന്യം തകര്‍ത്തു. പൂഞ്ചില്‍ രണ്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. പലയിടത്തും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. 

പുല്‍വാമയില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിനെതിരെ 200ലധികം വരുന്ന ജനക്കൂട്ടം കല്ലെറിഞ്ഞു. സേന പെല്ലറ്റ് തോക്കും ടിയര്‍ഗ്യാസ് ഷെല്ലും പ്രയോഗിച്ചതിനെ തുടര്‍ന്ന് 40ലധികം പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ നഗരങ്ങളില്‍ നിയോഗിച്ചു

കഴിഞ്ഞയാഴ്ച പ്രതിഷേധത്തിനിടെ പരിക്കേറ്റ ഒരു യുവാവ് കൂടി മരിച്ചതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി. ഈദ് ദിവസവും കര്‍ഫ്യൂവില്‍ ഇളവു നല്കാനിടയില്ലെന്നാണ് സൂചന.