ബൈക്ക് യാത്രികനെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് 36 സെക്കന്റുള്ള വീഡിയോയിലുള്ളത്

ലഖ്നൗ: ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് കോണ്‍സ്റ്റബിളിന് സസ്‍പെന്‍ഷന്‍. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഫറാ പൊലീസ് സ്റ്റേഷനിലെ കമലേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ശനിയാഴ്ചയാണ് സുല്‍ത്താന്‍പൂരിൽ വാഹന പരിശോധന നടന്നത്. ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ യുവാവിനെ നടുറോഡിൽ വെച്ച് കൈ കൊണ്ടും വടി ഉപയോഗിച്ചും കമലേഷ് മര്‍ദിക്കുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്. സംഭവത്തില്‍ തുടർ അന്വേഷണം നടത്താന്‍ സുല്‍ത്താന്‍പൂര്‍ എസ് പിക്ക് നിര്‍ദേശം നല്‍കി.

ബൈക്ക് യാത്രികനെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് 36 സെക്കന്റുള്ള വീഡിയോയിലുള്ളത്. കമലേഷിന്റെ സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ ബൈക്ക് യാത്രികനെ വടി ഉപയോഗിച്ച് രണ്ടു തവണ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.