സാഥ്വി എന്ന നമിത ആചാര്യയുമായുള്ള ചിത്രമാണ് പ്രചരിച്ചത്

ദില്ലി: ആള്‍ദെെവത്തില്‍ നിന്ന് അനുഗ്രഹം വാങ്ങുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. പടിഞ്ഞാറന്‍ ദില്ലിയിലെ ജാനകപുരി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഇന്ദ്രപാലിനെയാണ് സ്ഥലം മാറ്റിയത്. നമിത ആചാര്യ എന്ന ആള്‍ദെെവം പിന്നില്‍ നിന്ന് ഇന്ദ്രപാലിനെ അനുഗ്രഹിക്കുന്ന ചിത്രമാണ് പ്രചരിച്ചത്.

സാഥ്വി എന്നാണ് നമിത ആചാര്യ അറിയപ്പെടുന്നത്. ഇന്ദ്രപാലിന്‍റെ ഓഫീസില്‍ തന്നെയാണ് ചിത്രമെടുത്തതെന്നാണ് വ്യക്തമാകുന്നത്. ജോലി ഭാരം കൊണ്ട് സമ്മര്‍ദം അനുഭവപ്പെട്ടപ്പോള്‍ സാഥ്വിയില്‍ നിന്ന് ഊര്‍ജം ലഭിക്കുന്നതിനുള്ള അനുഗ്രഹം വാങ്ങുകയാണ് ഇന്ദ്രപാല്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ആള്‍ദെെവം രാധ മാ പൊലീസ് ഉദ്യോഗസ്ഥന്‍റെ കസേരയില്‍ ഇരിക്കുന്ന ചിത്രം പ്രചരിച്ചത് വലിയ വിവാദമായിരുന്നു. രാധാ മായോടൊപ്പം ആ ഉദ്യോഗസ്ഥന്‍ പാട്ട് പാടുന്നതിന്‍റെയും നൃത്തം ചെയ്യുന്നതിന്‍റെയും വീഡിയോയും പുറത്തായിരുന്നു. സസ്പെന്‍ഷനിലായ പൊലീസുകാരനൊപ്പം മറ്റ് ഉദ്യോഗസ്ഥരും ഭക്തിഗാനങ്ങള്‍ ആലപിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.