ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മാന്‍ഹട്ടനിലെ ടൈംസ് സ്ക്വയറില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ കമിതാക്കളെ തിരയുകയാണ് ന്യൂയോര്‍ക്ക് പൊലീസ്. ദിവസം തോറും നിരവധിയാളുകള്‍ സന്ദര്‍ശിക്കുന്ന ടൈംസ് സ്ക്വയറില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനല്ല പൊലീസ് ഇവരെ തിരയുന്നതെന്നാണ് രസകരമായ വസ്തുത. ശനിയാഴ്ച ടൈംസ് സ്ക്വയറില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ കമിതാക്കളെയാണ് പൊലീസ് തിരയുന്നത്. 

ടൈംസ് സ്ക്വയറില്‍ വച്ചാണ് കമിതാക്കള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അതിനിടെ കാമുകന്റെ കയ്യില്‍ നിന്നും കാമുകിയ്ക്കായി കരുതിയ മോതിരം സമീപത്തെ ഓടയില്‍ വീണു പോയിരുന്നു. നിരാശരായി നില്‍ക്കുന്ന കമിതാക്കളെയും അവര്‍ മോതിരം വീണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളും സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട പൊലീസ് ആ മോതിരം കണ്ടെത്തിയിരുന്നു. പക്ഷേ പൊലീസ് തിരച്ചില്‍ നടത്തുന്നതിന് മുന്‍പ് തന്നെ കമിതാക്കള്‍ ടൈംസ് സ്ക്വയറില്‍ നിന്ന് പോയിരുന്നു. 

ഇവരെ കണ്ടെത്താന്‍ കഴിയാതെയായതോടെയാണ് പൊലീസ് കമിതാക്കള്‍ക്കായുള്ള തിരച്ചിലുമായി വന്നിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്‍കുമ്പോള്‍ മോതിരത്തിനുള്ള പ്രാധാന്യം മനസിലാക്കുന്നു, നഷ്ടമായ ആ മോതിരം കണ്ടെത്തിയിട്ടുണ്ട്. അത്  മടക്കി നല്‍കി അവരെ സന്തോഷിപ്പിക്കണമെന്നുണ്ട്. അവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ന്യൂയോര്‍ക്ക് പൊലീസ് കമിതാക്കളുടെ വീഡിയോ ട്വിറ്ററില്‍ പങ്കു വച്ചിരിക്കുന്നത്.