ഗുണ്ടാരാജാണ് നഗരത്തിൽ നിലനിൽക്കുന്നതെന്നും നീതിതേടി പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകൾക്കുപോലും രക്ഷയില്ലെന്നും ബിജെപി സംസ്ഥാന സമിതി ‘ട്വിറ്ററി’ൽ കുറിച്ചു.
ബംഗളുരൂ: സ്റ്റേഷനിൽ പരാതിയുമായി എത്തിയ സ്ത്രീയെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്. ബെംഗളൂരുവിലെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലാണ് ദാരുണമായ സംഭവം. മകളെ കാണാനില്ലെന്ന പരാതി നൽകാനായി എത്തിയ സ്ത്രീയോടായിരുന്നു പൊലീസിന്റെ അതിക്രമം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജനുവരി 19നാണ് മകളെ കാണാനില്ലെന്ന പരാതിയുമായി രണ്ട് സ്ത്രീകളും, ഒരു കുട്ടിയുമടങ്ങുന്ന സംഘം സ്റ്റേഷനിൽ എത്തിയത്. ഇവരോട് ഒരു വനിതാ ഉദ്യോഗസ്ഥ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനിടയിൽ യാതൊരു പ്രകോപനവും കൂടാതെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രേണുകയ്യ ഇടപെടുകയും മകളെ കണ്ടെത്താൻ സൗകര്യമില്ലെന്ന് സ്ത്രീയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രേണുകയ്യ സ്ത്രീയുടെ കഴുത്തിനു പിടിച്ച് ബലമായി പുറത്തേയ്ക്ക് തള്ളി. പിന്നീട് പൊലീസ് സ്റ്റേഷന് പുറത്തുവെച്ചും ഉദ്യോഗസ്ഥൻ സ്ത്രീയെ ക്രുരമായി മർദ്ദിക്കുന്നുണ്ട്.
ഇവർക്കൊപ്പമുണ്ടായിരുന്ന യുവതി പൊലീസുകാരന്റെ പ്രവർത്തിയെ ചോദ്യം ചെയ്തു. എന്നാൽ പൊലീസുകാരൻ ഇവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം കുടുംബ പ്രശ്‌നമാണെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസ് അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ എഎസ്ഐയെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ബെംഗളൂരു സൗത്ത് ഡിസിപി അണ്ണാമലൈ അറിയിച്ചു.
സംഭവത്തെ തുടർന്ന് ബിജെപി സംസ്ഥാന സമിതി രംഗത്തെത്തി. ഗുണ്ടാരാജാണ് നഗരത്തിൽ നിലനിൽക്കുന്നതെന്നും നീതിതേടി പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകൾക്കുപോലും രക്ഷയില്ലെന്നും ബിജെപി സംസ്ഥാന സമിതി ‘ട്വിറ്ററി’ൽ കുറിച്ചു. സ്ത്രീയോട് മോശമായി പെരുമാറിയ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കർണാടകത്തിലെ കോൺഗ്രസ്- ജെഡിഎസ് സർക്കാരിന് പ്രചോദനം നൽകുന്നതെന്നും ബിജെപി പരിഹസിച്ചു.
