ദില്ലി: പോലീസുകാരനായ ഭര്‍ത്താവിന്‍റെ ഡ്യൂട്ടി സമയം കുറക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് കമ്മീഷണര്‍ക്ക് ഭാര്യയുടെ കത്ത്. പോലീസ് കമ്മീഷണര്‍ അമൂല്ല്യ പാറ്റ്നിക്കിനാണ് കത്ത് ലഭിച്ചിച്ചത്. രാഷ്ട്രപതി ഭവനിലെ സെക്യൂരിറ്റി യൂണിറ്റില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍ത്താവായ പോലീസുകാരന്‍റെ പേരോ റാങ്കോ കത്തില്‍ വെളുപ്പെടുത്തിയിട്ടില്ല.
12 മണിക്കൂര്‍ നീളുന്ന ഡ്യൂട്ടി ഭര്‍ത്താവിന്‍റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള കടുത്ത തീരുമാനം ഭര്‍ത്താവ് എടുക്കുകയാണെങ്കില്‍ അതിനുത്തരവാദി ദില്ലി പോലീസായിരിക്കുമെന്നാണ് ഇവര്‍ കത്തില്‍ പറയുന്നത്. രാവിലെ 7 മണിക്ക് ജോലിക്ക് പോയാല്‍ രാത്രി 9 മണിക്കാണ് ഭര്‍ത്താവ് തിരികെ വീട്ടിലെത്തുന്നത്. ഇതേ തുടര്‍ന്ന് നല്ല കുടുംബ ജീവിതം നയിക്കാന്‍ പോലും ഭര്‍ത്താവിന് കഴിയുന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
പോലീസ് കമ്മീഷണറുടെ ഔദ്യോഗിക മെയിലില്‍ ലഭിച്ച ഈ സന്ദേശത്തിന്‍റെ വിശ്വസനീയത പരിശോധിക്കുകയാണ് പോലീസ് ഇപ്പോള്‍. ആഗസ്റ്റ് 29 നാണ് പോലീസ് കമ്മീഷണര്‍ക്ക് കത്ത് ലഭിച്ചത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവന്‍റെ ചുമതലയുള്ള ജോയിന്‍റ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയവരോട് കത്തിലെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും വേണ്ടത് ചെയ്യാനും പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ദില്ലിയിലെ 43 പോലീസുകാരാണ് അത്മഹത്യ ചെയ്തത്. ഈ വര്‍ഷം മാത്രം ഇതുവരെ 4 പേര്‍ ആത്മഹത്യ ചെയ്തു.
