കഴിഞ്ഞ നവംബര്‍ 25നാണ് തട്ടിപ്പ് കണ്ടെത്തിയത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഏഴ് മാസം നീണ്ട പരിശോധനയ്ക്ക് ശേഷം

വയനാട്: കര്‍ഷകര്‍ക്ക് നല്‍കേണ്ട ഒരു കോടിയോളം രൂപ അഴിമതി നടത്തി തട്ടിയെടുത്തെന്ന കേസില്‍ ധനകാര്യ പരിശോധന വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ ഓഫീസര്‍ ബാബു അലക്‌സാണ്ടറുടെ നേതൃത്വത്തിലായിരുന്നു പണം തട്ടിയതായി ആരോപണമുള്ളത്. കഴിഞ്ഞ നവംബര്‍ 25നാണ് തട്ടിപ്പ് കണ്ടെത്തിയത്. ധനകാര്യവിഭാഗം ജില്ലാ ഓഫീസര്‍ എ.കെ. ദിനേശന്റെ നതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. 

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിശദപരിശോധന ആരംഭിക്കുകയായിരുന്നു. ഏഴുമാസം നീണ്ടു പരിശോധനകള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ദിസം ധനകാര്യസെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഴിമതിയില്‍ പങ്കുള്ള ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുള്ളതായാണ് സൂചന. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഏതാനും ജീവനക്കാര്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട അഴിമതി നടക്കുന്ന സമയത്തുണ്ടായിരുന്ന കൃഷി അസി. ഡയറക്ടര്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. 

കൃഷി ഓഫീസിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ട തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് ബാബു അലക്‌സാണ്ടര്‍ പണം തട്ടിയെടുത്തതെന്നാണ് ആരോപണം. ധനകാര്യമന്ത്രിക്ക് മുമ്പാകെ റിപ്പോര്‍ട്ട് എത്തുന്ന മുറക്ക് നടപടിയുണ്ടാകുമെന്നാണ് സൂചന. വിവിധ പദ്ധതികളില്‍ ജില്ലയിലേക്ക് കൃഷിവകുപ്പ് നിക്ഷേപിക്കുന്ന തുക കൃത്യമായി കര്‍ഷകരുടെ കൈയ്യിലെത്തുന്നില്ലെന്ന് മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി സഹകരണ സംഘങ്ങളും മറ്റും പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ കൃഷിക്കുള്ള പണം വിനിയോഗിക്കുന്നത് ഏതൊക്കെ വിധത്തിലാണെന്ന് സര്‍ക്കാര്‍ നേരിട്ട് നിരീക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.