കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ പ്രാദേശിക സിപിഐ നേതാവ് ടി.എന്‍. മുകുന്ദന്‍ ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കി. മന്ത്രി രാജിവെക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. അതിനിടെ ചാണ്ടിക്കെതിരായ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് പിന്മാറി.

തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ സിപിഐ പ്രാദേശിക പ്രവര്‍ത്തകന്‍ ടി.എന്‍ മുകുന്ദനാണ് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയത്. സിപിഐ വരന്തരപ്പിള്ളിയിലെ പ്രാദേശിക നേതാവും കിസാന്‍ സഭയുടെ മുന്‍ ജില്ലാ നേതാവുമാണ് മുകുന്ദന്‍. തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കന്പനി ഭൂപരിഷ്കരണ നിയമം ലംഘിച്ച് സ്ഥലം വാങ്ങിക്കൂട്ടിയെന്ന് ഹര്‍ജിയില്‍ മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നു. 

തണ്ണീര്‍ തട നിയമം ലംഘിച്ച് കായല്‍ നികത്തി. പരാതിവന്നിട്ടും പൊലീസ് കേസെടുത്തില്ല. റവന്യൂ വകുപ്പും നടപടിയെടുത്തില്ലെന്നും മുകുന്ദന്‍റെ ഹര്‍ജി പറയുന്നു. അതിനിടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനികിന്‍റെ ബഞ്ച് പിന്മാറി. കാരണം വ്യക്തമാക്കിയില്ല. കേസ് മറ്റൊരു ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയ്ക്കെത്തും. അതിനിടെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്തെത്തി. 

ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേൽ തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കണം . കയ്യേറ്റത്തിൽ സമഗ്രപരിശോധന വേണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ചേര്‍ന്ന ശേഷമാണ് സി.പി.ഐയുടെ യുവജന സംഘടന മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് . എന്നാല്‍ തോമസ് ചാണ്ടിക്കെതിരായ ആലുപ്പുഴ കലക്ടറുടെ അന്തിമറിപ്പോർട്ടിന്മേലുള്ള എജിയുടെ നിയമോപദേശം വൈകില്ലെന്ന് റവന്യുമന്ത്രിയും പ്രതികരിച്ചു.