തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. ഗുണഭോക്താക്കള്‍ നേരിട്ട് ചെയ്ത പ്രവൃത്തികളിലും വൻതോതില്‍ വെട്ടിപ്പ് നടന്നു
മാനന്തവാടി: തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. ഗുണഭോക്താക്കള്‍ നേരിട്ട് ചെയ്ത പ്രവൃത്തികളിലും വൻതോതില്‍ വെട്ടിപ്പ് നടന്നു. കിണർ കുഴിച്ചതിന് 23,000 രൂപ തന്ന് 92,000 രൂപ തട്ടിയെടുത്തുവെന്ന് തൊണ്ടർനാട് സ്വദേശിയുടെ ആരോപണം. അതേസമയം വിദേശത്തേക്ക് കടന്ന പഞ്ചായത്ത് ജീവനക്കാരനായ ജോജോ ജോണിക്കായി ലുക്ക് സർക്കുലർ പുറത്തിറക്കി.
ഇല്ലാത്ത പദ്ധതിക്ക് പണം നല്‍കിയും കരാറുകാർ ചെയ്ത പ്രവൃത്തിക്ക് കൂടുതല്‍ തുക വകയിരുത്തിയുമുള്ള തട്ടിപ്പുകളാണ് തൊണ്ടർനാട്ടില്‍ നിന്ന് ഇതുവരെ പുറത്ത് വന്നത്. എന്നാല്‍ ഗുണഭോക്താക്കൾ നേരിട്ട് നടത്തിയ തൊഴിലുറപ്പ് പദ്ധതിയിലെ നിര്‍മാണങ്ങളിലും തട്ടിപ്പ് നടന്നുവെന്നത് ആണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കിണർ നിര്‍മിച്ച ഗുണഭോക്താവിന് 23500 രൂപ പഞ്ചായത്ത് നല്‍കി. ജിഎസ്ടി ബില്ലും വാങ്ങിയെടുത്തു. എന്നാല്‍ കണക്ക് അവതരിപ്പിച്ചപ്പോള്‍ 92,000 രൂപയാണെന്നാണ് അറിഞ്ഞത്.
ജിഎസ്ടി ബില്ലടക്കം വാങ്ങി പണം തരാതെ കബളിപ്പിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത നിധിനെതിരെയാണ് ആരോപണം ഉള്ളത്. തൊഴിലുറപ്പ് അഴിമതി വിവാദം കൂടുതല്‍ ചർച്ചയാകുമ്പോൾ കൂടുതല്‍ ഗുണഭോക്താക്കളും പരാതിയുമായി വരുന്നുണ്ട്. അതേസമയം ജോജോ ജോണിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാൾ വിവാദം ഉയർന്നതിന് പിന്നാലെ തന്നെ ബെഗ്ലൂളൂരു വഴി ദുബായിലേക്ക് കടന്നതായാണ് വിവരം. ദുബായില്‍ നിന്ന് ജർമനിക്ക് പോയിട്ടുണ്ടെന്നും സൂചനയുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാൻ എല്ലാ സൗകര്യവും ഒരുക്കിയത് രാഷ്ട്രീയ സ്വാധീനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

