തിരുവനന്തപുരം: തീരദേശ സുരക്ഷയ്ക്കായി നടപ്പാക്കിയ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ വെള്ളാനയാകുന്നു. ശമ്പളത്തിനും ഇന്ധനത്തിനുമായി കോടികള്‍ മുടക്കുന്ന പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് ആറു കേസുകള്‍ മാത്രമാണ്. ഓഖി ദുരന്തത്തിൻറെ പശ്ചാത്തലിൽ തീരദേശദേശ സ്റ്റേഷനുകളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണം.

എട്ടു തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്കായി 24 ബോട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ 14 എണ്ണവും പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്ന ബോട്ടുകളോടിക്കാനോ മിക്കയിടത്തും ഡ്രൈവറുമില്ല. കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം തുടങ്ങിയ തീരദേശ സ്റ്റേഷനുകള്‍ക്ക് നല്‍കിയ ബോട്ടുകളുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നത് ഗോവ ഷിപ് യാര്‍ഡായിരുന്നു. ഏഴു വർഷം ബോട്ടുകള്‍ക്ക് കേന്ദ്രം പണം മുടങ്ങി. കേന്ദ്ര സഹായം നിർത്തിയ ശേഷം സംസ്ഥാനം ഗോവൻ കമ്പനിയുമായി പുതിയ കരാർ ഇതുവരെയുണ്ടാക്കിയില്ല.

48 പൊലീസുകാരാണ് ഓരോ സ്റ്റേഷനിലുമുള്ളത്. സിഐമാ‍ർക്കാണ് സ്റ്റേഷൻ ചുമതല. ശമ്പളത്തിനായി 11,82,700 രൂപ ഇവിടെ ചെലവാക്കുന്നു. ബോട്ടുകള്‍ക്ക് കേന്ദ്രം മുടക്കുന്ന പണത്തിന് പുറമേ 31,33,000രൂപയും സ്റ്റേഷൻ വാഹനങ്ങള്‍ക്ക് ഇന്ധത്തിന് മാത്രമായി 4,53,000 രൂപയും ചെലവഴിക്കുന്നുണ്ട്. ഇതിനു പുറമേ 57, 47000 രൂപയാണ് തീരദേശ പൊലീസ് ആസ്ഥാനത്തെ ചെലവുകള്‍.