ആലപ്പുഴ: പരുമല സെമിനാരി പള്ളി കൗണ്‍സിലിലേയും പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയിലേയും നടന്ന തെരഞ്ഞെടുപ്പ് കോടതിയിലെത്തി. കൗണ്‍സിലിലേക്ക് മത്സരിച്ച തോമസ്.ടി.പരുമല ആശുപത്രി കമ്മിറ്റിയിലേക്ക് മത്സരിച്ച എന്‍.പി. വര്‍ഗ്ഗീസ് എന്നിവരാണ് തെരഞ്ഞെടുപ്പിനെതിരെ തിരുവല്ല മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 

2017 ഡിസംബര്‍ പത്തിനാണ് പള്ളിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ തോമസ് ടി പരുമലയെ (259 വോട്ട്) ഒഴിവാക്കി രണ്ടാം സ്ഥാനത്തെത്തിയ പി.എ.ജോക്കബിനെയും (217 വോട്ട്) നാലാം സ്ഥാനത്തെത്തിയ ജി.ഉമ്മനെയും (165 വോട്ട്) കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും ആശുപത്രി കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍ പി.വര്‍ഗ്ഗീസിനെ (266 വോട്ട്) ഒഴിവാക്കി മൂന്നാം സ്ഥാനത്തെത്തിയ തോമസ് കെ ജോസഫിനെ (93 വോട്ട്) ഉള്‍പ്പെടുത്തിയതിനെതിരെയാണ് കേസ്.

കൂടാതെ അരികുപുറം കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍ നോമിനേഷന്‍ സമര്‍പ്പിക്കുകയോ മത്സരിക്കുകയോ ചെയ്യാതെയാണ് തെരഞ്ഞെടുത്തതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. പരുമല സെമിനാരി, ആശുപത്രി സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ആശുപത്രി സി.ഇ.ഒ ഫാ.എം.സി.പൗലോസ്, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ബിജു വര്‍ക്കി വര്‍ഗ്ഗീസ് മുഖേനെയാണ് കേസ് ഫയല്‍ ചെയതത്.