കുഴല്‍മന്ദം: സര്‍ക്കാര്‍ ആശുപത്രിയില്‍ കൗണ്‍സലിങ്ങിനെത്തിയ പതിനേഴുകാരന്‍ കൗണ്‍സലറുടെ മാല പൊട്ടിച്ചോടി. ചൊവ്വാഴ്ച കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കൗമാരപ്രായക്കാര്‍ക്കുളള കൗണ്‍സലിങ് കേന്ദ്രത്തിലായിരുന്നു സംഭവം. 

കൗണ്‍സലറായ യുവതിയുടെ കണ്ണില്‍ മണ്ണു വാരിയിട്ടാണ് കൗമാരക്കാരന്‍ മൂന്ന് പവന്‍റെ മാല പൊട്ടിച്ചോടിയത്. തുടര്‍ന്ന് യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ രോഗികളും മറ്റും ചേര്‍ന്ന് കൗമാരക്കാരനെ കീഴ്പ്പെടുത്തുകയായിരുന്നു.

കല്‍മണ്ഡപം മാങ്കാവ് സ്വദേശിയാണ് കൗമാരക്കാരന്‍. പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് പരിചയപ്പെടുത്തിയെത്തിയ കൗമാരക്കാരന്‍ കൗണ്‍സലിങ്ങിനെത്തിയതാണെന്ന് അറിയിച്ചപ്പോള്‍ കൗണ്‍സലര്‍ ഇരിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കൗണ്‍സലിങ്ങിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാന്‍ വാതിലടച്ചു. ഈ സമയം പതിനേഴുകാരന്‍ പോക്കറ്റില്‍ സൂക്ഷിച്ച മണ്ണ് യുവതിയുടെ മുഖത്തെറിഞ്ഞു.

തുടര്‍ന്ന് മാല പൊട്ടിച്ചോടുകയായിരുന്നു. യുവതിയുടെ ബഹളം കേട്ടെത്തിയവര്‍ കൗമാരക്കാരനെ പിടിക്കൂടി പൊലീസിന് കൈമാറി. വടക്കഞ്ചേരി ആയക്കാട് സ്വദേശിനിയാണ് കൗണ്‍സലര്‍.