പെൺകുഞ്ഞിന് ആൺപേര് നൽകിയതിന്‍റെ പേരിലാണ് മാതാപിതാക്കള്‍ പുലിവാലു പിടിച്ചത് ഫ്രഞ്ച് ദമ്പതികളാണ് തങ്ങളുടെ മകള്‍ക്ക് കണ്ടെത്തിയ പേര് ഇടതിന് കോടതി കയറേണ്ടിവന്നത്

കുഞ്ഞിനുവേണ്ടി ഒരു പേര് കണ്ടുപിടിക്കുക എന്നത് മിക്ക മാതാപിതാക്കളിലും ഏറെ ശ്രമകരമായ ഒരു കാര്യമാണ്. പേരുകളിലൊന്നും തൃപ്തി കണ്ടെത്താന്‍ സാധിക്കാത്തത് തന്നെയാണ് പ്രശ്‌നം. ചർച്ചകൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവില്‍, കുട്ടിക്കായി കണ്ടെത്തിയ പേര് വിളിക്കാന്‍ കോടതിയുടെ സമ്മതം വേണമെന്ന് വന്നാല്‍ എന്തായിരിക്കും അവസ്ഥ. തങ്ങളുടെ മകള്‍ക്ക് കണ്ടെത്തിയ പേര് ഇടതിന് കോടതി കയറേണ്ടിവന്നിരിക്കുകയാണ് ഈ ഫ്രഞ്ച് ദമ്പതികള്‍.

ഫ്രാന്‍സിലെ ബ്രിറ്റനിയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ പെൺകുഞ്ഞിന് ആൺപേര് നൽകിയതിന്‍റെ പേരില്‍ പുലിവാലു പിടിച്ചത്. നവംബറിൽ ജനിച്ച പെൺകുഞ്ഞിന് ലിയം എന്നാണ് ആ ദമ്പതികൾ പേരു നൽകിയത്. ആ പേരുകേട്ടാൽ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും ആ പേരുമൂലം പെൺകുട്ടി ഭാവിയിൽ അപഹസിക്കപ്പെടുമെന്നും അത് അവളുടെ സാമൂഹിക ജീവിതത്തെത്തന്നെ മോശമായി ബാധിക്കുമെന്നും പ്രാദേശിക ഭരണകൂടം ദമ്പതികളെ അറിയിച്ചു.

പ്രശ്നം അവിടെ അവസാനിച്ചില്ല, കേസ് കോടതിയിലെത്തിയപ്പോള്‍, ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിലവിൽ നൽകിയ പേര് പിൻവലിക്കാന്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍, ജഡ്ജിയോട് തന്നെ കൂടുതല്‍ സ്ത്രീത്വം തോന്നിക്കുന്ന പേര് നിര്‍ദേശിക്കണം എന്നും ആവശ്യപ്പെടുന്നു. ഒടുവിൽ ജഡ്ജി തന്നെ കുഞ്ഞിനായി ഒരു പേരു തെരഞ്ഞെടുത്തു. എന്നാല്‍ അധികൃതരുടെ നിലപാട് അംഗീകരിക്കാന്‍ കുട്ടികളുടെ മാതാപിതാക്കള്‍ തയ്യാറല്ല. നിയമവഴിയിലൂടെ മുന്നോട്ടു പോയി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേര് കുഞ്ഞിന് ഇടുമെന്നാണ് ഇവരുടെ നിലപാട്.

ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത പേരുകൾ ഇപ്പോൾ സർവ സാധാരണമാണെങ്കിലും ഇക്കാര്യത്തിൽ ഫ്രാൻസിലെ നിയമം കര്‍ക്കശമാണ്. ഇത് ആദ്യമായല്ല കോടതിയിടപെട്ട് കുഞ്ഞുങ്ങളുടെ പേര് മാറ്റിയിട്ടുള്ളത്. ന്യൂറ്റെല്ല, ഫ്രെയിസ്, മൻഹാട്ടൻ എന്നീ പേരികള്‍ കുട്ടികള്‍ക്കിടുന്നത് ഫ്രാന്‍സ് നിരോധിക്കുകയും ചെയ്തിരുന്നു.