കോട്ടയം: മാങ്ങാനത്ത് നിന്നും കാണാതായ വൃദ്ധദമ്പതികളെക്കുറിച്ച് 15 ദിവസങ്ങള്‍ പിന്നിടുമ്പോഴും പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. റിട്ട: കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മാങ്ങാനം പുതുക്കാട്ടില്‍ പി.സി എബ്രഹാം, ഭാര്യ തങ്കമ്മ എന്നിവരെയാണ് കഴിഞ്ഞ 13 മുതല്‍ കാണാതായത്. ഇവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ മകന്‍ ടിന്‍സിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ടിന്‍സി മരിച്ചതിന്‍റെ പിറ്റേന്നാണ് ഇയാളുടെ ഭാര്യ ബെന്‍സി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.
എന്നാല്‍ കാണാതായ ദമ്പതികള്‍ എവിടെയെന്നതിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. തങ്ങളെ കാണാതായതിന്‍റെ മാനസികസംഘര്‍ത്തില്‍ മകന്‍ മരിച്ചതും കൊച്ചുമകള്‍ പിറന്നതുമെല്ലാം എങ്ങനെയെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കില്‍ ഇവര്‍ മടങ്ങിയെത്തേണ്ട സമയം അതിക്രമിച്ചു. വേളാങ്കണ്ണിയടക്കമുള്ള ദേവാലയങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ ആശുപത്രികളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കാണാതായ വൃദ്ധദമ്പതികളും മകനും അവസാന ആഴ്ചയില്‍ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.
പ്രസവശേഷം വിശ്രമത്തിലായതിനാല്‍ മരുമകള്‍ ബെന്‍സിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. ഭര്‍ത്താവിന്‍റെ മരണവിവരം ബെന്‍സിയെ ദിവസങ്ങള്‍ക്ക് ശേഷമാണ് അറിയിച്ചത്. കാണാതായ എബ്രഹാമിന് പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ എബ്രഹാമും തങ്കമ്മയും ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയിലാണോ എന്നതാണ് പോലീസിന്‍റെ പ്രധാന സംശയം. 2014ന് ശേഷം ഇവര്‍ ഡോക്ടര്‍മാരെ ആരെയും കണ്ടിരുന്നില്ലെന്നും മുന്‍പ് നിര്‍ദേശിച്ച മരുന്നുകള്‍ തുടരുക മാത്രമാണ് ചെയ്തിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
