കോട്ടയം: താഴത്തങ്ങാടിയിലെ ദമ്പതികളുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. കഴിഞ്ഞ ഏപ്രില്‍ ആറിനാണ് കുമ്മനം അറുപറ സ്വദേശികളായ ഹാഷിമിനെയും ഹബീബയെയും കാണാതായത്. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ച് ഹമ്മിംഗ്‌ബേര്‍ഡ് എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയാണ് പരിശോധന നടത്തുന്നത്. റോഡിനോട് ചേര്‍ന്നുള്ള പുഴകളിലും ജലാശയങ്ങളിലുമാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. വെള്ളത്തില്‍ പരിശോധന നടത്താന്‍ പോലീസ് തന്നെയാണ് ഹമ്മിംഗ്‌ബേര്‍ഡ് എന്ന സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയത്.
കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാനായി നഗരത്തിലേക്ക് പുറപ്പെട്ട ഇരുവരും പിന്നീട് മടങ്ങി വന്നില്ല. ദമ്പതിമാര്‍ അത്മഹത്യ ചെയ്തതാണെന്ന സാധ്യതയും പൊലീസ് തള്ളിയിട്ടില്ല. ഹാഷിമിന്‍റെ മൊബൈല്‍ ഫോണ്‍ സിഗ്നലിന്‍റെ അടിസ്ഥാനത്തില്‍ മുണ്ടക്കയം മുതല്‍ വാഗമണ്‍ കോലാഹലമേട് പരുന്തുംപാറ വരെ തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ഈ നിഗമനത്തിലും കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായില്ല.
അതേസമയം സംഭവത്തില്‍ കൊലപാതക സാധ്യതയുണ്ടെന്ന് ആരോപിച്ച് ഹബീബയുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിവാഹത്തിന് ശേഷം ഹബീബയെ ഹാഷിമിന്‍റെ കുടുംബം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ആത്മഹത്യാ സാധ്യതയിലേക്ക് പൊലീസ് അന്വേഷണം നീങ്ങുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി ഹബീബയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
വിവാഹശേഷം ഹാഷിമിന്‍റെ ബന്ധുക്കള്‍ സാമ്പത്തിക വിഷയങ്ങളുന്നയിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. അതിനാല്‍ കൊലപാതക സാധ്യത തള്ളികളയാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. കാണാതായവരുടെ മക്കളെ നിലവില്‍ സംരക്ഷിക്കുന്നത് ഹാഷിമിന്‍റെ ബന്ധുക്കളാണ്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇവര്‍ പരാതി നല്‍കി.
