കോഴിക്കോട്: പുല്ലിനെ വെറും പുല്ലായി കാണുന്നവര്‍ക്ക് തെറ്റി, തോമസിനും ഭാര്യയ്ക്കും ഇത് ജീവിതോപാദിയാണ്. തീറ്റപ്പുല്‍കൃഷിയില്‍ വിജയഗാഥ തീര്‍ക്കുകയാണ് കോഴിക്കോട് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മുണ്ടേലി കണ്ടത്തില്‍ എം.ഡി തോമസും ഭാര്യ ജോളിയും. 

ചെലവ്, പരിപാലനം, അധ്വാനം എന്നിവ കുറവ്, കീടബാധയില്ല. ഒരു പ്രാവശ്യം കൃഷിയിറക്കിയാല്‍ മൂന്നുവര്‍ഷം വിളവ് ലഭിക്കും. മറ്റുകൃഷികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച വരുമാനം. പശു വളര്‍ത്തല്‍ ലാഭകരമാക്കാന്‍ വേണ്ടി സംസ്ഥാന ക്ഷീര വികസന വകുപ്പ് തീറ്റപ്പുല്‍കൃഷി വ്യാപനവുമായി മുന്നോട്ടു പോകുമ്പോള്‍ ഒന്നര പതിറ്റാണ്ട് മുമ്പ് തന്നെ ഈ മേഖലയില്‍ ചുവടുറപ്പിച്ച് വിജയം കൈവരിച്ചവരാണ് ഈ ദമ്പതികള്‍. 

പുല്‍കൃഷിക്കാവശ്യമുള്ള നടീല്‍ വസ്തുവായ പുല്‍ക്കടകള്‍ (തണ്ട്) വില്‍പ്പന നടത്തിയാണ് ഈ ദമ്പതികള്‍ മികച്ച വരുമാനം നേടുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില്‍ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിക്കാവശ്യമായ പുല്‍ക്കടകള്‍ ക്ഷീരവികസന വകുപ്പിന് ഉല്‍പാദിപ്പിച്ചു നല്‍കുന്നത് ഇവരാണ്. ഇതുവഴി മാത്രം പ്രതിവര്‍ഷം രണ്ടര ലക്ഷത്തോളം രൂപ ഇവര്‍ക്ക് വരുമാനം ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് നേരിട്ടുള്ള വില്‍പ്പന വഴി ലഭിക്കുന്ന വരുമാനം വേറെയും.

തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റ കര്‍ഷക കുടുബാംഗമായ തോമസിന്റെ പ്രധാന വരുമാനമാര്‍ഗം കമുകായിരുന്നു. മഞ്ഞളിപ്പ് ബാധിച്ച് കമുക് നശിച്ചതിനെ തുടര്‍ന്നാണ് പശുവളര്‍ത്തല്‍ ആരംഭിച്ചത്. തീറ്റചെലവ് കുറക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ പുല്‍കൃഷിയും തുടങ്ങി. പശുക്കള്‍ക്ക് തീറ്റ ലഭിച്ചതിന് പുറമെ പുല്‍ക്കട വില്‍പ്പനയിലൂടെ മികച്ച വരുമാനം ലഭിക്കുമെന്ന് മനസിലായതോടെ തന്റെ മേഖല ഇതാണെന്ന് തോമസ് തിരിച്ചറിയുകയായിരുന്നു. 

വീടിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്ത് സി.ഒ.3 ഇനത്തില്‍പെട്ട പുല്ലാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഒരു മീറ്റര്‍ - 75 സെ.മീ അകലത്തില്‍ ചെറിയ കുഴിയെടുത്ത് ഇതില്‍ മൂപ്പെത്തിയ പുല്‍ച്ചുവടുകള്‍ നടുന്നു. ചാണകമാണ് വളമായി നല്‍കുന്നത്. എച്ച്.എഫ് ഇനത്തില്‍പെട്ട നാലു പശുക്കളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്ന് പശുവിനെ കുളിപ്പിക്കുന്ന വെള്ളവും തൊഴുത്ത് കഴുകുന്ന വെള്ളവും പ്രത്യേക പൈപ്പ് വഴി കൃഷിയിടത്തില്‍ എത്തിക്കുന്നു. 

ഒന്നരമാസമാകുമ്പോഴേക്കും പുല്ലുകള്‍ മുറിച്ചെടുക്കാന്‍ വളര്‍ച്ചയെത്തും. ഒരുതവണ മുറിച്ചെടുത്താല്‍ ഒന്നരമാസം കൊണ്ട് അടുത്ത തവണത്തെ വിളവിന് വീണ്ടും പാകമാവും. ശരിയായ പരിചരണം നല്‍കിയാല്‍ ഒരു ചുവടില്‍ നിന്ന് തന്നെ 2530 കി.ഗ്രാം പുല്ലു ലഭിക്കും. ഒരുപശുവിന് ഒരുദിവസം ഒന്നരചുവട് പുല്ല് മതിയാവും. പുല്ല് മൂന്നുമാസം നിലനിര്‍ത്തിയാല്‍ വില്‍ക്കാനുള്ള പുല്‍ക്കടകള്‍ ലഭിക്കും. പുല്‍ക്കടകള്‍ പാകമായി വരുമ്പോള്‍ അതിന്റെ ഓല പറിച്ചെടുത്ത് പശുക്കള്‍ക്ക് നല്‍കും. 

ഒന്നിന് നാലു രൂപ നിരക്കില്‍ പുല്‍ക്കടകള്‍ ആവശ്യക്കാര്‍ക്ക് നല്‍കും. ഒരു പുല്‍ക്കടയില്‍ നിന്ന് നടാനുള്ള ആറ് കഷണങ്ങളെങ്കിലും ലഭിക്കും. ധാരാളം തൈകള്‍ ചേര്‍ന്നാണ് ഒരു ചുവട് ഉണ്ടാവുക. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് രണ്ടുരൂപ നിരക്കിലും നല്‍കുന്നുണ്ട്. തീറ്റ ചെലവാണ് കന്നുകാലി വളര്‍ത്തലിലെ പ്രധാന വെല്ലുവിളി. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ തീറ്റപുല്‍കൃഷി വ്യാപിപ്പിക്കുന്നത്. 

2016 നവംബര്‍ 26 മുതല്‍ 2017 നവംബര്‍ 25വരെ ക്ഷീരവികസന വകുപ്പിനിത് തീറ്റപ്പുല്‍കൃഷി വര്‍ഷാചരണമാണ്. 20 സെന്റോ അതിന് മുകളിലോ പുല്‍കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ പുല്‍ക്കട വകുപ്പ് സൗജന്യമായി നല്‍കും. കൂടാതെ കൃഷി ചെലവ് ഇനത്തില്‍ സെന്റിന് അമ്പതു രൂപ നിരക്കില്‍ സബ്സിഡിയും നല്‍കുന്നുണ്ട്. എന്തായാലും ഇനി പുല്ലിനെ വെറും പുല്ലായി കാണേണ്ടിതില്ലെന്നാണ് തോമസും ഭാര്യ ജോളിയും പറയുന്നത്.