മജിസ്‍ട്രേറ്റ് ഷിബു ഡാനിയേലിന്റെ സാന്നിദ്ധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജിഷ കൊല്ലപ്പെട്ട ദിവസം മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ കനാല്‍ക്കരയിലൂടെ നടന്നുപോകുന്നത് കണ്ടെന്ന് പ്രദേശവാസികളായ രണ്ടുപേര്‍ നേരത്തെ മൊഴിനല്‍കിയിരുന്നു. കുറ്റകൃത്യം നടന്ന പ്രദേശത്തിനടുത്ത് പ്രതിയെ കണ്ടെന്ന് മറ്റുചിലരും പൊലീസിനെ അറിയിച്ചിരുന്നു. ഇവരെയെല്ലാം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജയിലിലെത്തിച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയെയും തിരിച്ചറിയല്‍ പരേഡിനായി ഇവിടേക്ക് കൊണ്ടുവരും.

തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ഇവര്‍ തിരിച്ചറിഞ്ഞാല്‍ അത് കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. കേസുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ജിഷയുടെ അച്ഛന്‍ ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുന്നത്.