തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്. ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ ആറ് മന്ത്രിമാര്‍ക്കും മൂന്ന് എം.എല്‍.എമാര്‍ക്കുമെതിരെയാണ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവായത്.

മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍, കെ.സി ജോസഫ്, കെ.എം മാണി, പി.കെ ജയലക്ഷ്മി എന്നിവര്‍ക്കുമെതിരെയാണ് അന്വേഷണം നടത്താന്‍ ഉത്തരവുണ്ട്. ഇതിന് പുറമെ എം.എല്‍.എ എം.പി വിന്‍സെന്‍റ്, മുന്‍ എംഎല്‍എ ആര്‍ സെല്‍വരാജ് എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്.

ഫിബ്രവരി ആറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണോ എന്ന് കോടതി തീരുമാനിക്കുക.

14 വിവാദ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് അന്വേഷണം. ഇ.പി ജയരാജനെതിരായ ബന്ധുനിയമനം അന്വേഷിക്കുന്ന വിജിലന്‍സ് കോടതി ആവശ്യപ്പെട്ടാല്‍ മുന്‍ സര്‍ക്കാറിന്‍റെ  കാലത്തെ നിയമനങ്ങളെക്കുറിച്ചുള്ള പരാതിയും അന്വേഷിക്കാന്‍ തയാറാണെന്ന് കോടതിയില്‍ അറിയിച്ചിരുന്നു.