തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിൽ എട്ട് എന്‍ജിഒ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി. നഷ്ടപരിഹാര തുക കെട്ടിവെച്ച് തടിയൂരാനുള്ള പ്രതികളുടെ നീക്കവും  തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ അക്രമം ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ റിമാന്‍റ് കാലാവധി അടുത്ത മാസം ഏഴ് വരെ നീട്ടി.

ഈ മാസം 8, 9 തീയതികളിൽ നടന്ന ദേശീയപണിമുടക്കിന്‍റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്തത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. റിമാൻഡിൽ കഴിയുന്ന എല്ലാ  പ്രതികളെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അക്രമത്തില്‍ ബാങ്കില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

കേസില്‍ ഏരിയ കമ്മറ്റി സെക്രട്ടറി അശോക്, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി അംഗം ഹരിലാൽ, എൻ ജി ഒ നേതാവ് പി കെ വിനുകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അനിൽ കുമാർ, സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു,യൂണിയൻ നേതാക്കളായ ബിജോയ് രാജ്, ശ്രീ വത്സൻ, സുരേഷ് കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മജിട്രേറ്റ് കോടതി രണ്ട് തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ജില്ലാ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരമായ ഒന്നരലക്ഷം രൂപ കെട്ടിവയ്ക്കാന്‍ പ്രതികള്‍ തയ്യാറായെങ്കിലും കോടതി  അംഗീകരിച്ചില്ല. സർക്കാർ ജീവനക്കാർ നടത്തിയ ആക്രമണം ഗൗരവമുള്ളതാണെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ തെളുവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കുവാനും സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.