ലക്നൗ: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ലക്നൗ പ്രത്യേക സി.ബി.ഐ കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം കോടതി നിരസിച്ചു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. 

ബാബറി മസ്ജിദ് ആക്രണത്തിന് പിന്നില്‍ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ് അന്വേഷിച്ച സി.ബി.ഐയുടെ കണ്ടെത്തല്‍. കേസില്‍ നേരിട്ട് ഹാരജാവണമെന്ന് കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് മൂവരും ഇന്ന് കോടതിയിലെത്തിയത്. തുടര്‍ന്ന് ജാമ്യാപേക്ഷയും വിടുതല്‍ ഹര്‍ജിയും നല്‍കി. വിടുതല്‍ ഹര്‍ജിയില്‍ 10 മിനിറ്റോളം വാദം നടത്തിയ ശേഷം വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച് 50,000 രൂപയുടെ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. ഉച്ചയ്ക്ക് ശേഷമാണ് വിടുതല്‍ ഹര്‍ജിയില്‍ വിധി പറഞ്ഞത്. കേസില്‍ നിന്ന് ഇവരെ ഒഴിവാക്കാനാവില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും കോടതി ചുമത്തി . വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത പടർത്തുന്നത് ഉൾപ്പടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.