ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ പഞ്ച്കുല കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡയില്‍ വിട്ടു. രാജ്യദ്രോഹമടക്കമുള്ള കുറ്റമാണ് ഹണിപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത്.
ഹണിപ്രീതിനെ 14 ദിവസത്തെ കസ്റ്റഡിയിലാണ് പോലീസ് ആവശ്യപ്പെട്ടത്. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തപ്പെട്ട ഹണിപ്രീതിനെ പക്ഷ് കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്. കനത്ത സുരക്ഷാ വലയത്തിലാണ് ഹണിപ്രീതിനെ കോടതിയില്‍ ഹാജരാക്കിയത്. 38 ദിവസം ഒളിവില്‍ കഴിഞ്ഞ ഹണിപ്രീതിനെ ഇന്നലെയാണ് ഹരിയാന പോലീസ് പിടികൂടുന്നത്. പുലര്‍ച്ചെ മൂന്ന് മണിവരെ പോലീസ് ചോദ്യം ചെയ്തു. പക്ഷേ ചോദ്യങ്ങളോട് നിഷേധപൂര്‍വമായ മറുപടിയാണ് ഹണിപ്രീത് നല്‍കുന്നതെന്നാണ് വിവരം. പുലര്‍ച്ചെ നെഞ്ച് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യ പരിശോധനയ്‌ക്കും വിധേയയാക്കിയിരുന്നു. അതേസമയം ഹണിപ്രീതിനൊപ്പം ഒളിവില്‍ പോയ ദേരയുടെ വക്താവ് ആദിത്യ ഇന്‍സാന് വേണ്ടിയുള്ള തിരച്ചിലും പോലീസ് ശക്തമാക്കി.
ആദിത്യയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും ഹണിപ്രീതില്‍ നിന്ന് ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. ഗുര്‍മീതിനെ ശിക്ഷിച്ചതിന് പിന്നാലെയുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്ത കേസിലും ഗുര്‍മീതനെ പോലീസ് പിടിയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചെന്ന കേസിലും യഥാക്രമം ഹണിപ്രീത് ഒന്നാം പ്രതിയും ആദിത്യ രണ്ടാം പ്രതിയുമാണ്. അതിനിടെ ഗുര്‍മീതും ഹണിപ്രീതും പിടിയലായതറിയാതെ ഐക്യരാഷ്‌ട്ര സഭയുടെ അനുബന്ധ സ്ഥാപനമായ യു.എന്‍ വാട്ടര്‍ ഇരുവരുടെയും പിന്തുണ തേടി ട്വീറ്റ് ചെയ്ത് കുടുങ്ങി. ലോകത്ത് എല്ലാ വീടുകളിലും ശുചിമുറി ഉറപ്പാക്കുന്ന കാമ്പയിന് പിന്തുണ തേടിയാണ് യു.എന്‍ വാട്ടര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്.
