സെപ്റ്റംബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. സോഫിയയും തമിഴിസൈ സൗന്ദർരാജനും ഒരു വിമാനത്തില്‍ സഞ്ചരിക്കവെ 'ബിജെപിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെ' എന്ന് സോഫിയ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ചെന്നൈ: ബിജെപിക്കെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥിനിയെ ചീത്തവിളിച്ച ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവ്. ഗവേഷണ വിദ്യാര്‍ഥി ലൂയിസ് സോഫിയയെ ചീത്ത പറഞ്ഞതിനാണ് തമിഴിസൈയ്ക്കെതിരെ കേസെടുക്കാൻ തൂത്തുക്കുടി ജില്ലാ കോടതി ഉത്തരവിട്ടത്. തമിഴിസൈയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് ലൂയിസ് സോഫിയയ്ക്കെതിരെ കേസെടുത്തത് വിവാദമായിരുന്നു.
സെപ്റ്റംബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. സോഫിയയും സൗന്ദർരാജനും ഒരു വിമാനത്തില്‍ സഞ്ചരിക്കവെ 'ബിജെപിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെ' എന്ന് സോഫിയ മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് ഇതിൽ ദേഷ്യം പൂണ്ട സൗന്ദരരാജന്‍ വിദ്യാർത്ഥിനിയോട് മോശമായ വാക്കുകൾ പറയുകയും ചീത്ത വിളിക്കുകയുമായിരുന്നു. തുടർന്ന് ബിജെപി അധ്യക്ഷയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സോഫിയയെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയും 15 ദിവസം പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്തിരുന്നു. ഈ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി.
ഇതേത്തുടർന്നാണ് സോഫിയയുടെ പിതാവ് എ.എ സ്വാമി തൂത്തുക്കുടി കോടതിയെ സമീപിച്ചത്. തന്‍റെ മകളെ അധിക്ഷേപിച്ച തമിഴിസൈയ്ക്കെതിരെ കേസെടുക്കാത്ത പൊലീസ് സോഫിയയ്ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തെന്നായിരുന്നു അദ്ദേഹത്തിന്റെ ഹർജി. ഈ ഹര്‍ജിയിലാണ് തമിഴിസൈയ്‌ക്കെതിരെ കേസെടുക്കാന്‍ ഇപ്പോൾ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്.
മുമ്പ് തന്റെ മകളെ അനാവശ്യമായി പൊലീസ് തടവിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് സ്വാമി തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിരുന്നു. മകൾക്കെതിരെ സൗന്ദർരാജന്‍ തന്റെ പ്രവര്‍ത്തകരെ വിട്ടിരിക്കുകയാണെന്നും ഇത് തന്റെ കുടുംബത്തെ മനസികമായും വൈകാരികമായും സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞിരുന്നു.
