തിരുവനന്തപുരം: എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷകള്‍ പരിഗണിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അഞ്ചു ദിവസത്തെ കസ്റ്റഡി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളും പ്രതിഭാഗത്തിന് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിന്‍സന്റിനെതിരെയുള്ള കേസ് ഗൂഢാചനയുടെ ഭാഗമാണെന്നും ഇതുവരെയും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടിയാകും ജാമ്യം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുക. സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇരയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കുതെന്നും പൊലീസ് കോടതിയെ അറിയിക്കും. ഇന്നലെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറ്റിയ പരാതിക്കാരിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.