തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെ പ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരും പ്രതികളായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡിയാക്കി പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ നിയമിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച് എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നിയമനത്തിന്റെ ചുമതലയുള്ള റിയാബ് തയ്യാറാക്കിയ രണ്ടുപേരുടെ പട്ടിക തള്ളി, മതിയായ യോഗ്യതയില്ലാത്ത സുധീറിനെ നിയമിക്കാന്‍ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ നിര്‍ദ്ദേശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. താന്‍ തന്നെ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്ത പേരുകള്‍ ഉണ്ടായിട്ടും, എതിരഭിപ്രായം പോലും രേഖപ്പെടുത്താതെ പി കെ സുധീറിനെ നിയമിച്ച് പോള്‍ ആന്റണി ഉത്തരവിറക്കി. ഇതില്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മാത്രമല്ല, നിയമനത്തിന് വിജിലന്‍സിന്റെ അനുമതി വേണമെന്ന നിബന്ധനയും പാലിച്ചില്ല. തുടര്‍ന്നാണ് ഇ പി ജയരാജന്‍, പി കെ സുധീര്‍, പോള്‍ ആന്റണി എന്നിവരെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കാനാണ് സാധ്യത. പികെ സുധീറിനെ കൂടാതെ വ്യവസായ വകുപ്പിലെ മറ്റ് 15 നിയമനങ്ങളെ കുറിച്ചും പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതും തുടരന്വേഷണത്തില്‍ ഉള്‍പ്പെട്ടേക്കും.