സ്വന്തം റിസോര്‍ട്ടിലേക്ക് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നാണ് തോമസ് ചാണ്ടിക്കെതിരെയുള്ള പരാതി. വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കോട്ടയം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തണമെന്ന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം അനുവദിച്ചു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തീയ്യതി അറിയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വന്തം റിസോര്‍ട്ടിലേക്ക് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നാണ് തോമസ് ചാണ്ടിക്കെതിരെയുള്ള പരാതി. ഈ കേസില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. വലിയകുളം സീറോ ജട്ടി റോഡില്‍ നിന്നും റിസോട്ടിലേക്ക് നിയമം ലംഘിച്ച് റോഡ് നിര്‍മ്മിച്ചതിന് അനുമതി നല്‍കിയ അന്നത്തെ കളക്ടര്‍ പത്മകുമാറിനെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ തുടര്‍വാദത്തിനായി ഈ മാസം 16ലേക്ക് മാറ്റി.