എട്ട് വര്‍ഷമായിട്ടും സമ്പത്ത് കസ്റ്റഡിമരണത്തില്‍ വിചാരണ പോലും തുടങ്ങിയില്ല

തിരുവനന്തപുരം: ഉരുട്ടിക്കൊല കേസില്‍ വിധി വരുമ്പോഴും, എട്ട് കൊല്ലം മുമ്പ് നടന്ന പാലക്കാട്ടെ സമ്പത്ത് കസ്റ്റഡി മരണ കേസില്‍ വിചാരണ പോലും തുടങ്ങിയിട്ടില്ല. പന്ത്രണ്ട് പൊലീസുകാരെ പ്രതിയാക്കി 2015ലാണ് സിബിഐ കുറ്റപത്രം നൽകിയത്.

പാലക്കാട്ടെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് 2010 മാര്‍ച്ച് 29നാണ് മലമ്പുഴ റിവര്‍സൈഡ് കോട്ടേജില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്. എസ്ഐമാരായ പിവി രമേശ്, ടിഎന്‍ ഉണ്ണിക്കൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ എപി ശ്യാമപ്രസാദ്, ഡിവൈഎസ്പി സികെ രാമചന്ദ്രന്‍, ബിനു ഇട്ടൂപ്പ്, സിപിഒമാരായ ജോണ്‍സണ്‍ ലോബോ, ടി ജെ ബ്രിജിത്ത്, പി എ അബ്ദുള്‍ റഷീദ്, എന്നിവരുള്‍പ്പടെ പന്ത്രണ്ട് പേരാണ് സിബിഐ കുറ്റപത്രത്തിലെ പ്രതികള്‍. 

എഡിജിപി ബിഎസ് മുഹമ്മദ് യാസീന്‍, ഐജി വിജയ് സാഖറെ എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും സിബിഐ ഒഴിവാക്കി. ഇതിനെതിരെ സമ്പത്തിന്‍റെ സഹോദരന്‍ കോടതിയിലെത്തി. തുടരന്വേഷണത്തിലും സിബിഐ സമര്‍പ്പിച്ചത് ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയ കുറ്റപത്രം. 

ഇവര്‍ക്കെതിരെ തെളിവില്ലെന്ന സിബിഐ വാദം പരിഗണിച്ച കോടതി കുറ്റപത്രം അംഗീകരിച്ചു. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളാണ് അവശേഷിച്ചിരുന്നത്. എന്നാല്‍ മതിയായ കേസ് രേഖകള്‍ ലഭിച്ചില്ലെന്ന പ്രതികളുടെ ആവശ്യവുമായി ഓരോ തവണയും പ്രതികളെത്തിയതോടെ വിചാരണ കോടതിയ്ക്ക് കേസ് കൈമാറുന്ന നടപടി നീണ്ടുപോയി.

ഏറ്റവും ഒടുവില്‍ കഴിഞ്ഞാഴ്ചയാണ് കേസ് എറണാകുളം സിജെഎം കോടതി പരിഗണിച്ചത്. പ്രതികളുടെ അപേക്ഷയില്‍ വീണ്ടും അടുത്ത അവധിയിലേക്ക്. സമ്പത്ത് കൊല്ലപ്പെട്ട് എട്ടു കൊല്ലം പിന്നിടുന്പോഴും വിചാരണ തുടങ്ങാതെ ഇങ്ങനെ കേസ് നീണ്ടു പോകുന്നു.