റാ‍ഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും. ഇന്നലെ ശിക്ഷയിന്മേലുള്ള വാദം റാഞ്ചി സിബിഐ കോടതിയിൽ പൂര്‍ത്തിയായിരുന്നു. ലാലുവിനെതിരെയുള്ള കോടതി വിധിക്ക് ശേഷം അദ്ദേഹത്തിന്‍റെ അനുയായികൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന സിബിഐ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. കേസിൽ ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. പരമാവധി ഏഴുവര്‍ഷം വരെ ശിക്ഷ ലാലുവിന് കിട്ടാം. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തിൽ ആറ് കേസുകളിലാണ് ലാലു പ്രസാദ് യാദവിനെ പ്രതിചേര്‍ത്തത്. അതിൽ രണ്ടാമത്തെ കേസിലാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്.