കാസര്‍കോട് ബാലകൃഷ്ണന്‍ വധം: 17 വര്‍ഷത്തിന് ശേഷം വിധി, പ്രതികള്‍ക്ക് ജീവപര്യന്തം

കാസർകോട്: മുൻ യൂത്ത് കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.ഇതരസമുദായക്കാരിയായ യുവതിയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യം തീർക്കാൻ ബാലകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതിയും കാസർകോട് ചട്ടഞ്ചാൽ തെക്കിൽ മുഹമ്മദ് ഇക്ബാൽ,രണ്ടാം പ്രതി തലങ്കര മുഹമ്മദ് ഹനീഫ എന്നിവർക്കാണ് ജീവപരന്ത്യം തടവ് ശിക്ഷ.ഒരു ലക്ഷം രൂപ വീതം പ്രതികൾ കൊലപ്പെട്ട ബാലകൃഷ്ണന്റെ അച്ഛൻ ഗോപാലന് നൽകണമെന്നും കോടതി ഉത്തരവിട്ടു.

പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലകൃഷ്ണൻ വധക്കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2007ലാണ് സിബിഐ ഏറ്റെടുത്ത് അന്വേഷണം നടത്തുന്നതും അഞ്ച് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതും. തെളിവുകളുടെ അഭാവത്തിൽ യുവതിയുടെ അച്ഛൻ അബൂബക്കർ ഉൾപ്പടെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

 2001 സെപ്റ്റംബർ 18 നാണ് കാസർകോട് കൊറിയർ കമ്പനി ജീവനക്കാരനായിരുന്ന ബാലകൃഷ്ണനെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തിയില്ലെന്നാരോപിച്ച് ബാലകൃഷ്ണന്‍റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്,.

ബാലകൃഷ്ണൻ വധത്തെ ദുരഭിമാനകൊലയായി കണക്കാക്കി പരമാവധി ശിക്ഷ പ്രതികൾക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാൽ കുടുംബാംഗങ്ങൾ ഉൾപ്പെടാത്തതിനാൽ കേസിനെ ദുരഭിമാനക്കൊലയെന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്.കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളായ മുഹമ്മദ് കുഞ്ഞി, സിഎ അബ്ബാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.