ഫസല്‍ വധക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് സി.പി.എം നേതാവ് കാരായി രാജന് സി.ബി.ഐ കോടതിയു‍ടെ താക്കീത്. കോടതി ഉത്തരവ് ലംഘിച്ച് പൊതുചടങ്ങില്‍ പങ്കെടുത്തതിനാണ് കാരായി രാജനെ താക്കീത് ചെയ്തത്. അതേ സമയം രാജന്റെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി തള്ളി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച ഇളവ് ദുരുപയോഗം ചെയ്ത് കാരായി രാജന്‍ മറ്റ് പൊതുചടങ്ങുകളിലും പങ്കെടുത്തെന്നാണ് സി.ബി.ഐയുടെ ആരോപണം. ഫസല്‍ വധക്കേസില്‍ എട്ടാം പ്രതിയായ കാരായി രാജന് എറണാകുളം ജില്ല വിട്ട് പോകാന്‍ അനുമതിയില്ല. ഇതില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച രാജന് ഈ മാസം 10,11 തീയതികളില്‍ കണ്ണൂരില്‍ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരകുന്നു. എന്നാല്‍ കോടതി നിര്‍ദേശം ലംഘിച്ച് സംസ്ഥാന ചലച്ചിത്ര അവര്‍ഡ് ദാനച്ചടങ്ങിലും കാരായി രാജന്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം കോടതിയെ സമീപിച്ച സി.ബി.ഐ കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. 

കോടതിയെ വെറും തപാലോഫീസായാണ് പ്രതി കാണുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വീഴ്ച്ച പറ്റിയെന്ന് പ്രതിഭാഗവും സമ്മതിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായ കേസാണിതെന്നും സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പ്രതിയുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ലെന്നും ജാമ്യം റദ്ദാക്കരുതെന്നും കാരായി രാജന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി നടപടി താക്കീതില്‍ ഒതുക്കുകയായിരുന്നു. അതേ സമയം സി.പി.എം നിയന്ത്രണത്തിലുള്ള ചിന്താ പബ്ലിക്കേഷനിലെ ജോലിക്കായി തിരുവനന്തപുരത്ത് പോവുന്നതിന് നല്‍കിയിരുന്ന ഇളവ് കോടതി റദ്ദാക്കി. ഇതോടെ ഇനി എറണാകുളം ജില്ല വിട്ടുപോവാന്‍ കാരായി രാജന് കഴിയില്ല.