മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോയും ആയിരിക്കില്ല ലോകകപ്പിലെ ഹീറോ, ബാഴ്സലോണ താരം പറയുന്നു

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന് മെസ്സിയാകുമോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാകുമോ മിന്നിത്തിളങ്ങുക എന്നതാണ്. എന്നാല്‍ ഇവരെ രണ്ടുപേരേക്കാളും നെയ്മറോ സലായോ ആകും ഹീറോകളാകുക എന്നാണ് ബ്രസീല്‍ താരം കൌട്ടിനോ പറയുന്നത്.

റഷ്യന്‍ ലോകകപ്പില്‍ നെയ്‍മറോ സലായോ ആകും മികച്ച താരമാകുക. മെസ്സിയും നെയ്‍മറും കുറേക്കാലമായി മികച്ച താരങ്ങളായി നിലനില്‍ക്കുകയാണ്. മറ്റ് താരങ്ങള്‍ ഈ ലോകകപ്പില്‍ ഹീറോകളാകുമെന്നാണ് കരുതുന്നത്. നെയ്‍മര്‍ക്കും സലായ്ക്കുമാണ് അതിന് സാധ്യത എന്നാണ് ഞാൻ കരുതുന്നത്. എങ്ങനെയായിരിക്കും ടൂര്‍ണമെന്റ് പുരോഗമിക്കുക എന്നത് ആശ്രയിച്ചായിരിക്കും. അത്. പക്ഷേ അവര്‍ക്ക് അതിനുള്ള പ്രതിഭയുണ്ട്. ഞാൻ അവരെയാണ് തെരഞ്ഞെടുക്കുക- ബാഴ്‍സലോണ താരം കൂടിയായ കൌട്ടിനോ പറയുന്നു. ബ്രസീല്‍ ടീമില്‍ നെയ്മറുടെ സഹതാരമായ കൌട്ടിനോ ബാഴ്സലോണയിലേക്ക് ചേക്കേറും മുമ്പ് സലയ്ക്കൊപ്പം ലിവര്‍പൂളില്‍ ഉണ്ടായിരുന്നു.


അതേസമയം പരുക്കിന്റെ പിടിയിലാണ് നെയ്‍മറും സാലയും. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ആണ് സാലയ്‍ക്ക് പരുക്കേറ്റത്. ഫെബ്രുവരിയില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്‍മര്‍ ഇന്ന് സൌഹൃദമത്സരത്തില്‍ ക്രൊയേഷ്യയ്‍ക്ക് എതിരെ പന്തു തട്ടുന്നുണ്ട്.