മൂന്നാർ ആനമുടി ഡിവിഷനിൽ കടുവയുടെ ആക്രമണമേറ്റ രണ്ടു പശുക്കളിൽ ഒരെണ്ണം ചത്തു. മറ്റൊന്നിന് ഗുരതര പരിക്ക്. കടുവയുടെ ആക്രമണം തുടർച്ചയായതോടെ മേഖലയിലെ തൊഴിലാളികൾ ആശങ്കയിൽ.

കണ്ണൻ ദേവൻ കമ്പനി ആനമുടി എസ്റ്റേറ്റ് ഡിവിഷനിൽ മേയാൻ വിട്ട പശുക്കളാണ് ആക്രമിക്കപ്പെട്ടത്. തൊഴുത്തിലെത്തേണ്ട പശുക്കളെ കാണാഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഒന്നിനെ കടിയേറ്റു മരിച്ച നിലയിലും മറ്റൊന്നിനെ പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. തൊഴിലാളികളുടെ പരാതിയിൽ വനംവകുപ്പുദ്യോഗസ്ഥരും മൃഗ സംരക്ഷണ വകുപ്പും നടത്തിയ പരിശോധനയിൽ പശുക്കളെ ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചു.

ഒന്നര മാസം മുമ്പും കടുവയുടെ ആക്രമണത്തിൽ ഇവിടെ ഒരു പശു കൊല്ലപ്പെട്ടിരുന്നു. അടുത്ത കാലത്ത് സമീപ എസ്റ്റേറ്റുകളിലും മറ്റുമായ് പത്തോളം പശുക്കളെ കടുവ പിടിച്ചതായാണ് തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ പശുക്കളെ ആക്രമിക്കുന്നത് പതിവാക്കിയിരിക്കുന്ന കടുവ എന്ന് തങ്ങളുടെ നേരെ തിരിയുമെന്നതിലാണ് തൊഴിലാളികളുടെ ആശങ്ക.