1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്ലാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച് പശു, കാളകള്‍, എരുമ തുടങ്ങിയ ഇനത്തില്‍പ്പെട്ട മൃഗങ്ങളെ കൊല്ലുന്നത് ജാമ്യം കിട്ടാത്ത ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കും. മൃഗങ്ങളെ കൊല്ലുന്നതിന് നിലവിലുള്ള 50,000 രൂപ പിഴ രണ്ടിരട്ടിയാക്കി കൂട്ടുമെന്നും ബില്ലില്‍ പറയുന്നു. പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമരൂപീകരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വ്യക്തമാക്കി. പശുക്കളെയോ, കാളകളെയോ അറവുശാലകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ കേസില്‍ അന്തിമ തീരുമാനം വന്നശേഷം മാത്രമെ വാഹനങ്ങള്‍ വിട്ടുനല്‍കു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2011ല്‍ ഗുജറാത്തില്‍ പശുക്കളെ കടത്തുന്നതും, കൊല്ലുന്നതും നിരോധിച്ചിരുന്നു. അന്ന് 2012ലെ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടായിരുന്നു ആ തീരുമാനം. ഗുജറാത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴാണ് ഗോവധ നിരോധനം സംസ്ഥാനം കര്‍ശനമാക്കുന്നത്. അധികാരത്തില്‍ എത്തിയാല്‍ ഉത്തര്‍പ്രദേശില്‍ അംഗീകൃതവും അല്ലാത്തതുമായ എല്ലാ അറവുശാലകളും അടച്ചുപൂട്ടുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. അതിനായി ഗുജറാത്തിന് സമാനമായ നിയമരൂപീകരണം ബി.ജെ.പി ഉത്തര്‍പ്രദേശിലും കൊണ്ടുവന്നേക്കും.