ദില്ലി: പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. 'സ്വാമി രാംദേവ്: ഏക് സംഘര്‍ഷ്' എന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ പ്രഖ്യാപന ചടങ്ങിലാണ് പരാമര്‍ശം.

ദില്ലിയില്‍ നടന്ന ചടങ്ങില്‍ എ.എന്‍.ഐയോട് സംസാരിക്കവേയാണ് രാംദേവ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. 'കടുവയും മയിലും രാജ്യത്തിന്റെ അഭിമാനമാണെങ്കില്‍ എന്തുകൊണ്ട് പശുവിനെയും അങ്ങിനെ കണ്ടുകൂടാ' രാംദേവ് ചോദിച്ചു.

നേരത്തെയും പശുവിനെ ആദരിക്കണമെന്ന് ആവശ്യപ്പെട്ട രാംദേവ് രംഗത്തെത്തിയിട്ടുണ്ട്. 2015 ല്‍ രാജ്യത്ത് മുഴുവന്‍ ഗോവധം നിരോധിക്കണമെന്ന് അദ്ദേഹം മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യനെ കൊല്ലുന്നത് പോലെ പശുവിനെ കൊല്ലുന്നതും ശിക്ഷാര്‍ഹമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.