ഗിര്‍, തര്‍പാര്‍കര്‍ പോലുള്ള ഇനത്തില്‍പ്പെട്ട പശുക്കളുടെ മൂത്രത്തിന് മാര്‍ക്കറ്റ് വില ലിറ്ററിന് 30 മുതല്‍ 50 രൂപവരെയാണ്.
രാജസ്ഥാൻ: ദിവസം തോറും പാലിന് വില കൂടി വരികയാണ്. എന്നാൽ പാലിനെക്കാള്‍ വിലയുള്ളതായി മറ്റൊന്നുകൂടിയുണ്ട് രാജസ്ഥാന്‍കാര്‍ക്ക്, ഗോമൂത്രമാണത്. സംസ്ഥാനത്ത് പാലില്‍ നിന്നുള്ള വരുമാനത്തെ മറികടന്നും കുതിക്കുകയാണ് ഗോമൂത്രത്തിന്‍റെ വില. ഗിര്‍, തര്‍പാര്‍കര്‍ പോലുള്ള ഇനത്തില്‍പ്പെട്ട പശുക്കളുടെ മൂത്രത്തിന് മാര്‍ക്കറ്റ് വില ലിറ്ററിന് 30 മുതല്‍ 50 രൂപവരെയാണ്. അതില്‍ ലിറ്ററിന് 22 മുതല്‍ 25 രൂപവരെ ഒരു ക്ഷീരകര്‍ഷകന് ലഭിക്കുന്നു.
കൃഷിക്ക് കീടനാശിനിയായും ആചാരാനുഷ്ഠാനങ്ങള്‍ക്കും മരുന്നായും ഗോമൂത്രം ഉപയോഗിച്ച് വരുന്നു. അതിനാല്‍ തന്നെ ഗോമൂത്രത്തിന് ആവശ്യക്കാർ ഏറെയാണ്. രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരുന്ന്, ഒരല്‍പം പോലും തറയില്‍ പോകാതെ സൂക്ഷിച്ചാണ് താന്‍ വില്‍പനയ്ക്കാവശ്യമായ ഗോമൂത്രം സംഭരിക്കുന്നത് എന്ന് കർഷകനായ കൈലേഷ് ഗുജ്ജാർ പറയുന്നു. തന്‍റെ വരുമാനത്തില്‍ ഗോമൂത്ര വിൽപ്പന കൂടിയായതോടെ 30 ശതമാനം വർധദ്ധനവുണ്ടായതായും കൈലേഷ് കൂട്ടി ചേർത്തു.
സര്‍ക്കാര്‍ നേതൃത്വത്തില്‍ ഉദയ്പൂരിലുള്ള മഹാറാണ പ്രതാപ് കൃഷി- സാങ്കേതിക സര്‍വകലാശാലയില്‍ 300-500 വരെ ലിറ്റര്‍ ഗോമൂത്രമാണ് ഓരോ മാസവും ജൈവകൃഷി പദ്ധതിക്കായി ഉപയോഗിക്കുന്നത്. ഇതിനായി പ്രദേശത്തെ കാലിക്കച്ചവടക്കാരുമായി യൂണിവേഴ്സ്റ്റി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഓരോ മാസവും 15000 ത്തിനും 20000-ത്തിനും ഇടയിലാണ് ഗോമൂത്രത്തിനായി സര്‍വ്വകലാശാല ചെലവഴിക്കുന്നത്. രാജസ്ഥാനില്‍ 8,58,960 ഓളം പശുക്കളും അവയ്ക്കായി 2562 വാസസ്ഥലങ്ങളുമുണ്ട്. 40 രൂപയ്ക്ക് ഒരു ലിറ്റര്‍ പാല്‍ കിട്ടുമ്പോഴാണ്, ഗോമൂത്രത്തിന് 50 രൂപവരെ വിലയുയര്‍ന്നിരിക്കുന്നത്.
