കൊല്ലം: കൊല്ലം ചാത്തന്നൂരിലെ ഫാംഹൗസില്‍ പശുക്കള്‍ പേവിഷബാധയേറ്റ് ചത്തു. ഫാംഹൗസില്‍ നിന്നും പാല്‍വാങ്ങി ഉപയോഗിച്ച നൂറിലധികം പേര്‍ പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. പാല്‍ കുടിച്ചവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ചെവ്വാഴ്ചയാണ് ചാത്തന്നൂര്‍ മീനാട് ശിവപ്രസാദിന്റെ ഫാമിലെ ഒരു പശു ചത്തത്.
ചാത്തന്നൂര്‍ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ പേവിഷബാധ ഏറ്റതാണെന്ന് മനസിലായി..രണ്ട് ദിവസം കഴിഞ്ഞ് വീണ്ടുമൊരു പശു കൂടി ചത്തു. മറ്റൊരു പശുവിന് പേവിഷ ബാധ ഏറ്റതായും സ്ഥിരീകരിച്ചു. ഈ പശുവിനെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കുത്തിവയ്ച്ച് കൊന്നു..മറ്റ് പശുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്തു. കറവയുള്ള അഞ്ച് പശുക്കളാണ് ഈ ഫാമിലുള്ളത്. പ്രദേശവാസികള്‍ക്കും ക്ഷീരസംഘത്തിലും ദിവസവും 60 ലിറ്റര്‍ പാല്‍ ഇവിടെ നിന്നും നല്‍കുന്നു. ഫാം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം തെരുവ് നായ്ക്കളുടെ ശല്യം കൂടിയിട്ടുണ്ട്
രോഗ ബാധ അറിഞ്ഞതു മുതല്‍ പാല്‍ വില്‍പ്പന നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ പരിഭ്രാന്തരായി. നിരവധി പേര്‍ നെടുങ്ങോലം സര്‍ക്കാര്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തി വയ്പ്പ് എടുത്തു. എന്നാല്‍ പാല്‍ കുടിച്ചവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പശുവിന്റെ ഉമിനീരില്‍ കൂടി മാത്രമേ വൈറസ് പകരൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
