അടുത്ത ചൊവ്വാഴ്ച ഇളമ്പാലിൽ സിപിഐയുടെ രാഷ്ട്രീയ വിശദീകരണ യോഗം
കൊല്ലം: പുനലൂരിൽ പ്രവാസി മലയാളി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് സിപിഐ. സംഭവത്തില്‍ അടുത്ത ചൊവ്വാഴ്ച ഇളമ്പാലിൽ സിപിഐയുടെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്.
നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പില്‍, ഉടമ സുഗതന്‍ ജീവനൊടുക്കിയതില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ തെളിവില്ലെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിലപാട്. സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്ക് പോലീസ് കേസെടുത്തു.
മരണത്തിന് ഉത്തരവാദികളായവരെ പിടിച്ചില്ലെങ്കില്‍ കുടുംബം ഒന്നടങ്കം ജീവനൊടുക്കുമെന്ന് മരിച്ച സുഗതന്റെ മകന്‍ സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയെന്നും സംഭവം ഒത്ത് തീര്‍ക്കാന്‍ ഇവര്‍ പണം ആവശ്യപ്പെട്ടെന്നും മകന്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം സുഗതന്‍റെ ആത്മഹത്യയില്‍ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത് . കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് അടക്കം 3 പേര്‍ക്കാണ് സ്വീകരണം. പുനലൂരില്‍ വച്ചാണ് ഇവര്‍ക്ക് സ്വീകരണം നല്‍കിയത്.
