തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാടെടുത്ത കെ.ഇ ഇസ്മായിലിനിനെതിരെ കൂടുതല്‍ നടപടികളുണ്ടാകില്ല. പ്രശ്‌നം ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്തു. ഇസ്മായിലിനെതിരായ വിവാദം അടഞ്ഞ അധ്യായമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.

അതേസമയം തെറ്റുപറ്റിയെന്ന് കെ.ഇ. ഇസ്മായില്‍ കമ്മിറ്റിയില്‍ പറഞ്ഞു. പരാമര്‍ശം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് സംസ്ഥാനഘടകം കേന്ദ്രകമ്മിറ്റിയും നിലപാടറിയിച്ചു. ക്ഷമാപണം നടത്തിയത് പരിഗണിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി നടപടി താക്കീതിലൊതുക്കുകയായിരുന്നു. 

നേരത്തെ ഇടതുമുന്നണി യോഗത്തില്‍ ഇസ്മായില്‍ പങ്കെടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന ഘടകം തീരുമാനിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയാണ് അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തത്. തോമസ് ചാണ്ടി വിഷയത്തില്‍ ഇസാമായിലിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് നിര്‍വ്വാഹക സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. 

മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടിയെയാണ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കെ.ഇ ഇസ്മായില്‍ വിമര്‍ശിച്ചത്. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡിന് താന്‍ എംപിയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.