കാസര്‍ഗോഡ്: ജില്ലയില്‍ സിപിഎം വിട്ട് മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 50 ഓളം പേര്‍ സിപിഐയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാകുന്നു. സിപിഐയില്‍ ചേര്‍ന്ന സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഉദുമ ഏരിയകമ്മിറ്റി അംഗവുമായിരുന്ന പടുപ്പുശങ്കരംപാടിയിലെ ഇ .കെ.രാധാകൃഷ്ണന്റെ വീടും കാറും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു.
സിപിഐ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കുറ്റിക്കോലില്‍ നടന്ന പരിപാടിയില്‍ രാധാകൃഷ്ണന്റെ നേതൃതത്തില്‍ അന്‍പതോളം പേരാണ് സി പി എം വിട്ടു സി പി ഐയില്‍ ചേര്‍ന്നത്. രാധാകൃഷ്ണനെ സി പി എം നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലംകണ്ടില്ല.
പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് രാധാകൃഷ്ണനും സംഘത്തിനും കുറ്റിക്കോലില്‍ വന്‍ സീകരണമാണ് സിപിഐ നല്‍കിയത്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് രാധാകൃഷ്ണന്റെ വീടിനു നേരെയും കാറിനു നേരെയും ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത അക്രമികള്‍ കാറിന്റെ ഇരു വശങ്ങളിലെയും ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് പടുപ്പില്‍ സിപിഐ പ്രകടനവും പൊതു യോഗവും നടത്തി.
സിപിഎം ശക്തി കേന്ദ്രമെന്ന് വിശേഷിക്കപ്പെടുന്ന കുറ്റിക്കോല്‍, ആനക്കല്ല്, മുന്നാട് ഭാഗങ്ങളില്‍ നിന്നായി അമ്പത് പ്രവര്‍ത്തകര്‍ രാധാകൃഷ്ണനൊപ്പം സിപിഐയില്‍ ചേരുകയും പാര്‍ട്ടിക്ക് അടിയൊഴുക്ക് നേരിടുകയും ചെയ്തതോടെ സിപിഎം അക്രമം അഴിച്ചു വിടുകയാണെന്നും അവസാനിപ്പിച്ചില്ലെങ്കില്‍ അതേ തരത്തില്‍ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐ നേതാക്കള്‍ പ്രതികരിച്ചു.
ചില സിപിഎം നേതാക്കളുമായി ഒത്തു പോകാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും ഇനിയുള്ളകാലം സിപിഐയില്‍ പൊതു പ്രവര്‍ത്തനം നടത്തി സാധാരണകര്‍ക്കൊപ്പം നില്‍ക്കുമെന്നും ഇ കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
മുന്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ പി. ഗോപാലന്‍ മാസ്റ്റര്‍ പാര്‍ട്ടിവിട്ടു സിപിഐ യില്‍ ചേര്‍ന്നതോടെയാണ് കാസര്‍ഗോഡ് ജില്ലയിലെ ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ സിപിഎമ്മില്‍നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നത്.
ഗോപാലന്‍ മാസ്റ്റര്‍ സിപിഎം വിട്ടതില്‍ പ്രകോപിതരായ നേതൃത്വം അന്നു വ്യാപക ആക്രമണങ്ങളാണ് ഇവിടെ നടത്തിയത്. ഒരിടവേളക്ക് ശേഷം കുറ്റിക്കോല്‍, ബേഡകം പഞ്ചായത്തുകള്‍ പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കിയതോടെ ജില്ലയിലെ സിപിഎം-സിപിഐ ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ് .
