ഇടുക്കി: എംഎം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐയുടെ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഭൂമാഫിയയുടെ വാടകഗുണ്ടയായി മണി പ്രവര്‍ത്തിക്കുന്നുവെന്നും, സിപിഐയെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയെന്നുമുള്ള വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ എംഎം മണിയെ വിജയിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചതാണ് സിപിഐയെന്ന് പറഞ്ഞു കൊണ്ടാണ് വിമര്‍ശനത്തിന്‍റെ തുടക്കം.

തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം റിസോര്‍ട്ട്, ഭൂമാഫിയകളുടെ വാടകഗുണ്ടയായി മണി മാറി. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കയ്യേറ്റങ്ങള്‍ക്കെതി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയശത്രുക്കള്‍ പോലും പൊറുക്കാത്ത നടപടികള്‍ മണിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് തുരങ്കം വച്ചു .സിപിഐയെ തകര്‍ക്കുന്നതിന് അച്ചാരം വാങ്ങി പ്രവര്‍‍ത്തിക്കുന്ന പോലെയാണ് മണിയുടെ രീതികളെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനത്തില്‍ സംസാരിച്ച സിപിഐ ജില്ലാ സെക്രട്ടറിയും എംഎം മണിയെ കടന്നാക്രമിച്ചു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഡിയായ മരംവെട്ടുകാരനാണ് എംഎം മണിയെന്നാക്ഷേപിച്ചു കൊണ്ടാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ അവസാനിക്കുന്നത്