മാണിയോടും ലീഗിനോടുമുള്ള സിപിഐഎമ്മിന്റെ മൃദുസമീപനത്തിനെതിരാണ് സിപിഐ നേതാക്കള്‍. വാക്‌പോരില്‍ സിപിഐ മുഖപത്രവും കക്ഷിചേരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിക്കാരുടെ കൂടാരമായപ്പോള്‍ കോഴയുടെ ബിംബമായത് മാണിതന്നെയായിരുന്നുവെന്ന് ലേഖനം വിമര്‍ശിക്കുന്നു. മന്ത്രിസഭ ഒന്നടങ്കം അഴിമതി കേസുകളില്‍പെട്ട് കോടതികളുടെ തിണ്ണ നിരങ്ങുന്നതും ജനം കണ്ടു. ഇതെല്ലാം യുഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണവുമായി. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ കഴിഞ്ഞ സര്‍ക്കാരിലെ അഴിമതി പണ്ടാരങ്ങള്‍ അഴിമതി സംഘത്തില്‍ നിന്ന് പുറത്തുചാടിയാല്‍ പുണ്യാളന്മാരാകുമോയെന്നാണ് ജനയുഗത്തിന്റെ ചോദ്യം. മുന്നണി മാറിവന്നാല്‍ അഴിമതിയുടെ കളങ്കം കഴുകപ്പെടുമെന്ന ന്യായം നാട്ടുകാര്‍ക്ക് എങ്ങനെ ബോധ്യപ്പെടുമെന്ന് ചോദിച്ചാണ് ദേശാഭിമാനിയുടെ ക്ഷണത്തെ ജനയുഗം എതിര്‍ക്കുന്നത്. ലീഗിനെ ക്ഷണിച്ച സിപിഐഎമ്മിനുമുണ്ട് മറുപടി. സ്ത്രീ സുരക്ഷക്ക് ഗോവിന്ദച്ചാമിയേയും അമീറുള്‍ ഇസ്ലമിനേയും വിളിക്കുക, ഹിന്ദുവര്‍ഗീയതയെന്ന ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് മോദിയേയും മോഹന്‍ ഭാഗവതിനേയും കൂട്ടുപിടിക്കുക എന്നുപറയുന്നപോലെയാണ്  ലീഗിനോടുമുള്ള ചില കേന്ദ്രങ്ങളുടെ പൂതിയെന്നും ലേഖനം പരിഹസിക്കുന്നു.