ബിനോയ് വിശ്വത്തെ സിപിഐ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടുണ്ട്

തിരുവനന്തപുരം: രാജ്യസഭാസ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകൾ പാർട്ടിയുടെ പരിഗണനയിലുണ്ട്. കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി അഭിപ്രായം പരിഗണിച്ചാകും അന്തിമ തീരുമാനം.

കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടെത്തില്‍ വിജയിക്കാനുള്ള അംഗബലം ഇടത് മുന്നണിക്ക് നിയമസഭയിലുണ്ട്. ഇതില്‍ ഒരു സീറ്റ് സിപിഐക്ക് നല്‍കുകയും അതിലേക്ക് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയും ചെയ്തു. യെച്ചൂരി രാജ്യസഭയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു മുതിര്‍ന്ന നേതാവിനെ കൊണ്ട് വരണമെന്ന അഭിപ്രായവും പാർട്ടിക്കകത്തുണ്ട്. 

അങ്ങനെയെങ്കിൽ പ്രകാശ് കാരാട്ടിന്‍റേതടക്കമുള്ള പേരുകളും പരിഗണിക്കപ്പെട്ടേക്കാം. ഒരു പുതുമുഖം രാജ്യസഭയിലേക്ക് എത്തുമെന്ന സൂചന സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ നല്‍കിയിരുന്നു.