ദില്ലി: സി പി ഐ ദേശീയ നിര്‍വ്വാഹകസമിതി യോഗം ദില്ലിയില്‍ തുടങ്ങി. രണ്ടു ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായിട്ടാണ് യോഗം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന നിലപാടില്‍ സി പി എം തെറ്റുതിരുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി പി ഐയുടെ നിലപാട് നിര്‍വ്വാഹകസമിതിയും കൗണ്‍സിലും ചര്‍ച്ച ചെയ്യും.

തെരഞ്ഞെടുപ്പ് കഴിഞ്ഞ കേരളവും പശ്ചിമ ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ജയപരാജയങ്ങള്‍ ദേശീയ നിര്‍വ്വാഹകസമിതി യോഗത്തില്‍ പരിശോധിക്കും. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന നിലപാടായിരുന്നു സി പി ഐ സംസ്ഥാന ഘടകത്തിനുണ്ടായിരുന്നത്. എന്നാല്‍ സി പി എം സംസ്ഥാന ഘടകം തെറ്റ്തിരുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി പി ഐയുടെ നിലപാട് നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യും. കേരളത്തില്‍ ഭരണത്തില്‍ എത്തിയതിനു ശേഷം ഇതുവരെയുള്ള സാഹചര്യവും യോഗം വിലയിരുത്തും.

അതേസമയം അരുണാചല്‍ പ്രദേശ് സര്‍ക്കാറിന്റെ കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടികിട്ടിയ കേന്ദ്രസര്‍ക്കാറിനെതിരെ വരുന്ന പാര്‍ലമെന്റ് സെഷനില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും.