സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത ആഴ്ച്ച കൊല്ലത്ത്

കൊല്ലം: സിപിഐയുടെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് വരുന്ന ബുധനാഴ്ച കൊല്ലത്ത് തുടക്കം. തോട്ടം മേഖലയിലെ പ്രക്ഷോഭ സമരങ്ങളായിരുന്നു കൊല്ലത്ത് പാര്‍ട്ടിക്ക് അടിത്തറ പാകിയ പ്രധാന ഘടകം. അതില്‍ കശുവണ്ടി മേഖലയെ ഫാക്ടറി ആക്ടില്‍ ഉള്‍പ്പെടുത്താന്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍ നേതൃത്വം നല്‍കിയ സമരം ചരിത്രത്തില്‍ ഇടം നേടി. അവകാശപ്പോരാട്ടങ്ങളായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എന്നും ജനങ്ങളോടടുപ്പിച്ചിരുന്നത്. അതിലൊന്നായിരുന്നു 1944ല്‍ കൊല്ലത്ത് മുളപൊട്ടിയ കശുവണ്ടി ഫാക്ടറി സമരം.

തങ്ങള്‍ കുഞ്ഞ് മുസലിയാറായിരുന്നു കൊല്ലത്തെ പ്രധാന കശുവണ്ടി മുതലാളി.48 ഫാക്ടറികളുണ്ടായിരുന്ന അദ്ദേഹത്തിന് കീഴില്‍ ലക്ഷത്തിലധികം തൊഴിലാളികള്‍.അടിസ്ഥാന സൗകര്യങ്ങളോ വേതനമോ ഇല്ലാതെ നരകയാതന അനുഭവിച്ച് ജോലിയെടുത്തിരുന്നവര്‍.വ്യവസായത്തെ ഫാക്ടറി ആക്ടില്‍ ഉള്‍പ്പെടുത്താതെ ഒത്തുകളിച്ച മുതലാളിമാരും സര്‍ സിപിയും തൊഴിലാളികളെ പരമാവധി ദ്രോഹിച്ചു.

ഇതിനെതിരെ രൂപം കൊണ്ട കശുവണ്ടിത്തൊഴിലാളി യൂണിയന്‍ കൊല്ലത്തെ ശക്തമായ ട്രേഡ് യൂണിയനായി മാറി.കനത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സര്‍ സിപി എമ്മനെ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചു.ഒടുവില്‍ കശുവണ്ടി മേഖലയെ ഫാക്ടറി ആക്ടില്‍ ഉള്‍പ്പെടുത്തി.1945 ല്‍ കൊല്ലം പാല്‍ക്കുളങ്ങരയില്‍ വച്ച് യൂണിയന്റെ വാര്‍ഷിക സമ്മേളനവും ബേണസിനായി കൊല്ലം ചിന്നക്കടയില്‍ 20000ത്തിലധികം തൊഴിലാളികള്‍ പങ്കെടുത്ത സമരവും അധികൃതരെ പിടിച്ചു കുലുക്കി. ഒളിവിലിരുന്നും എം.എന്‍ ഗോവിന്ദന്‍ നായര്‍ കശുവണ്ടി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.സംഭവബഹുലമായ സമരങ്ങള്‍ നടന്ന കൊല്ലത്ത് സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് എത്തുമ്പോള്‍ പക്ഷേ ഇന്ന് കശുവണ്ടി മേഖല തകര്‍ച്ചയുടെ വക്കിലാണ്.