സംസ്ഥാനതലത്തിൽ കാനം ഇസ്മയിൽ പക്ഷങ്ങൾ തമ്മിലെ ഏറ്റുമുട്ടൽ പാർട്ടി കോൺഗ്രസിലും പ്രതിഫലിച്ചേക്കും.

കൊല്ലം: ബിജെപിക്കെതിരായ രാഷ്ട്രീയ അടവുനയവും വിശാല ഐക്യവും വിശദമായി ചർച്ച ചെയ്യാൻ സിപിഐ പാർട്ടി കോൺഗ്രസ് കൊല്ലത്ത്. കോൺഗ്രസ് ബന്ധം സംബന്ധിച്ച നിലപാട് രൂപീകരണം തന്നെയാകും പ്രധാന ചർച്ച. പ്രായാധിക്യം പറഞ്ഞ് സുധാകർ റെഡ്ഡി ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുമോ എന്നതും 23ാം പാർട്ടി കോൺഗ്രസിന്റെ ശ്രദ്ധാവിഷയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രത്യക്ഷ രാഷ്ട്രീയ സഖ്യത്തിനപ്പുറം കോൺഗ്രസുമായി ധാരണയാകാമെന്ന സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയത്തിന്റെ ചുവട് പിടിച്ച് സഖ്യത്തെ കുറിച്ചുള്ള ചർച്ചയാകും 23ാ പാർട്ടി കോൺഗ്രസ് കൈകാര്യം ചെയ്യുക. ബിജെപിയാണ് മുഖ്യശത്രു. ദേശീയ തലത്തിൽ വേണ്ടത് സംഘപരിവാർ ഭീഷണിക്കെതിരായ ഫലപ്രദമായ ചെറുത്ത് നിൽപ്പാണ്. വിശാല ഐക്യത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ല. പക്ഷെ നവ ഉദാരവത്കരണ നയങ്ങളിൽ കോൺഗ്രസുമായി സഹകരണവും പാടില്ല. കേരളഘടകത്തെ കൂടാതെ ബംഗാളും തൃപുരയുമെടുക്കുന്ന നിലപാടുകൾ സഖ്യ ചർച്ചയിൽ നിർണായകമാകും. 

സംസ്ഥാനതലത്തിൽ കാനം ഇസ്മയിൽ പക്ഷങ്ങൾ തമ്മിലെ ഏറ്റുമുട്ടൽ പാർട്ടി കോൺഗ്രസിലും പ്രതിഫലിച്ചേക്കും. കെഇ ഇസ്മയിലിനെതിരായ കൺട്രോൾ കമ്മീഷന് കണ്ടത്തലുകൾ സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. നീതി കിട്ടിയില്ലെന്ന കെഇ ഇസ്മയിലിന്റെ പരാതിയിൽ കേന്ദ്ര നേതൃത്വത്തിന്റെ സമീപനത്തോടൊപ്പം ദേശീയ നിർവ്വാഹക സമിതിയിൽ ഇസ്മയിലിന്റെ അംഗത്വവും സമ്മേളന നടപടികൾക്കിടയിലെ ശ്രദ്ധാ കേന്ദ്രമാണ് .രാവിലെ പത്ത് മണിക്ക് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സീതാറാം യച്ചൂരിയും സംസാരിക്കും