നിലവിലെ ജില്ലാ സെക്രട്ടറി എൻ അനിരുദ്ധന് പകരം മുല്ലക്കര രത്നാകരന് ചുമതല നൽകാൻ കഴി‍ഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് എടുത്ത തീരുമാനമാണ്പാർട്ടിയിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. 

തിരുവനന്തപുരം: കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയതുമായി ബന്ധപ്പെട്ട് സിപിഐയിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. നിലവിലെ ജില്ലാ സെക്രട്ടറി എൻ അനിരുദ്ധന് പകരം മുല്ലക്കര രത്നാകരന് ചുമതല നൽകാൻ കഴി‍ഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് എടുത്ത തീരുമാനമാണ് പാർട്ടിയിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. 

ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല മുല്ലക്കര രത്നാകരന് നൽകിയതിന്‍റെ പേരിൽ സംസ്ഥാന കൗൺസിലിൽ മുല്ലക്കര രത്നാകരനും കൊല്ലത്തുനിന്നുള്ള കൗൺസിൽ അംഗം പി എസ് സുപാലും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് കൊല്ലത്ത് നിന്നുള്ള ഒരു വിഭാഗം കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. 

കൊല്ലം ജില്ലാ സെക്രട്ടറിയായി ആർ രാജേന്ദ്രനെ നിശ്ചയിക്കാൻ സംസ്ഥാന നേതൃത്വം നേരെത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ജില്ലാ കൗൺസിലിൽ എത്തിയപ്പോൾ മറുപക്ഷം പി എസ് സുപാലിന്‍റെ പേര് ഉയർത്തിക്കാട്ടി. പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഭിന്നത രൂക്ഷമായതോടെ അന്ന് സംസ്ഥാന നേതൃത്വം തീരുമാനത്തിൽ നിന്നും പിൻമാറി. എന്നാൽ ഇപ്പോൾ സംസ്ഥാന കൗൺസിലിന്‍റെ തീരുമാനമെന്ന പേരിൽ സംസ്ഥാന നേതൃത്വം മുല്ലക്കര രത്നാകരനെ പുതിയ സെക്രട്ടറിയായി നിയമിക്കുകയായായിരുന്നു.

തീരുമാനത്തിൽ എതിർപ്പുള്ളവർ ജില്ലാ കൗൺസിലിൽ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. സെക്രട്ടറിയെ മാറ്റിയതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ നാളെ സിപിഐ കൊല്ലം ജില്ലാ കൗൺസിൽ വിളിച്ചിട്ടുണ്ട്.