തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് നവംബര്‍ 18ന് തന്നെ കോര്‍പ്പറേഷനിലും, ജില്ലാ പഞ്ചായത്തിലും രാജിവെയ്ക്കണമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും രണ്ട് ദിവസം കൂടി കൂടുതല്‍ വേണമെന്ന സി.പി.ഐയുടെ ആവശ്യത്തിന് തോമസ് ചാണ്ടിയെ ഓര്‍മ്മപ്പെടുത്തി സി.പി.എമ്മിന്റെ കുത്ത്. വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി ജില്ലാ യോഗത്തിലായിരുന്നു വിമര്‍ശനം. മുന്‍ധാരണയനുസരിച്ച് നീങ്ങാമെന്ന സി.പി.ഐ തന്നെയായിരുന്നു നിര്‍ദ്ദേശം ഉന്നയിച്ചത്.
കോര്‍പ്പറേഷനിലെ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും രണ്ട് വര്‍ഷം ഭരണം നടത്താനായതിനെയും, അതില്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ മിടുക്കിനെയും സി.പി.എം യോഗത്തില്‍ അവതരിപ്പിച്ചു. ഇത് തുടരണമെങ്കില്‍ സമര്‍ഥമായി കൈകാര്യം ചെയ്യുന്നവരാവണമെന്ന നിര്‍ദ്ദേശവും സി.പി.എം മുന്നോട്ടു വെച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്ന് തീരുമാനിച്ചു. ഇതിനിടയിലാണ് ജില്ലാ പഞ്ചായത്തില്‍ സ്ഥാനമൊഴിയാന്‍ സമയം കൂടുതല്‍ വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടത്. തോമസ് ചാണ്ടിയുടെ രാജി വൈകിയതില്‍ പ്രതിഷേധത്തിലേക്ക് കടന്നത് ഓര്‍മ്മപ്പെടുത്തിയായിരുന്നു സി.പി.എം, സി.പി.ഐ ആവശ്യപ്പെട്ട സമയം അനുവദിച്ചത്.
