അനധികൃത നിര്‍മാണം, കൈയേറ്റം, വ്യാജപ്പട്ടയം എന്നീ കേസുകളില്‍  സമയബന്ധിതമായി തീര്‍പ്പുണ്ടാക്കാന്‍ 2011-ൽ സ്ഥാപിച്ച മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

തിരുവനന്തപുരം: അനധികൃത നിര്‍മാണം, കൈയേറ്റം, വ്യാജപ്പട്ടയം എന്നീ കേസുകളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കാന്‍ 2011-ൽ സ്ഥാപിച്ച മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അതേസമയം തീരുമാനത്തിനെതിരെ സിപിഐ രം​ഗത്തു വന്നിട്ടുണ്ട്. 

മൂന്നാറിലെ 12 വില്ലേജുകളിലെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും ട്രൈബ്യൂണലിലേക്ക് അയക്കണമെന്നായിരുന്നു നിബന്ധന. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തിനാല്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം സുഗമമായിരുന്നുമില്ല. ട്രൈബ്യൂണല്‍ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണവും കുറവാണ്. 

ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം 42 കേസുകളാണ് ഇതുവരെ തീര്‍പ്പാക്കിയത്. ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന രീതിയിലല്ല ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിയമസഭയുടെ സബ്‌ജക്‌ട് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. എന്നാല്‍ ട്രൈബ്യൂണലിന്റെ പ്രവർത്തനം ശക്തമാക്കണമെന്നാണ് സിപി.ഐ ഇടുക്കി ജില്ലാ ഘടകത്തിന്‍റെ നിലപാട്.