തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ മന്ത്രിസഭാ ബഹിഷ്കരണത്തെ ചൊല്ലി സി.പി.എം- സി.പി.ഐ ഭിന്നത ശക്തമായി . തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും സി.പി.ഐ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് പൊറുക്കാനാവാത്ത തെറ്റെന്നാണ് സി.പി.എം നിലപാട് . അതേസമയം, രാജിവയ്ക്കുമെന്ന കാര്യം തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നാണ് സി.പി.ഐയുടെ മറുപടി.

തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് മുമ്പേ ഉറപ്പായിരുന്നുവെന്ന് സി.പി.എം പറയുന്നു. ദില്ലിയിലേയ്ക്ക് തിരിക്കാനിരുന്ന ചാണ്ടിയെ തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു വരുത്തിയതു രാജി എഴുതി വാങ്ങാനാണ്. രാജി ഉറപ്പായ സാഹചര്യത്തിൽ സി.പി.ഐയുടെ മന്ത്രിസഭാ ബഹിഷ്കരണം പ്രശ്നം തീര്‍ക്കുന്നതിന് പകരം വഷളാക്കുന്നതായി.

ഇ.പി ജയരാജന്‍റെയും എ.കെ ശശീന്ദ്രന്‍റെയും രാജിക്കാര്യങ്ങളിൽ തീരുമാനമെടുത്തത് അതാത് പാര്‍ട്ടികളാണ്. തോമസ് ചാണ്ടിയുടെ കാര്യത്തിലും ഈ കീഴ്വഴക്കമാണ് മുഖ്യമന്ത്രി പാലിച്ചത്. എത്ര വ്യക്തിപരമായ തിരിച്ചടിയുണ്ടായാലും ഒരു ഘടകക്ഷിയോട് കാണിക്കേണ്ട മര്യാദയും മാന്യതയും പാലിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും വിശദീകരിക്കുന്നു.

മുഖ്യമന്ത്രിക്ക് പിന്നാലെ സി.പി.എം മന്ത്രിമാരും സി.പി.ഐ ബഹിഷ്കരണത്തെ പരസ്യമായി വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ അക്കാര്യം സി.പി.എം രഹസ്യമാക്കി വച്ചുവെന്നാണ് സി.പി.ഐ തിരിച്ചടിക്കുന്നത് . അങ്ങനെ ഒരു ഉറപ്പ് തങ്ങള്‍ക്ക് അറിവുള്ളതല്ലെന്ന് സി.പി.ഐ വ്യക്തമാക്കുന്നു.

സി.പി.എം വിമര്‍ശനമുന്നയിക്കുന്പോള്‍ മന്ത്രിസഭയിൽ നിന്ന് വിട്ടുനിന്നതിൽ ഒരു തെറ്റും സി.പി.ഐ മന്ത്രിമാര്‍ കാണുന്നില്ല. അസാധാരണമായ സാഹചര്യമാണ് അസാധാരണ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന് സി.പി.ഐ മുഖപത്രം മുഖപ്രസംഗത്തിൽ വിശദീകരിക്കുകയും ചെയ്തു.സി.പി.ഐ സമ്മര്‍ദം കൊണ്ടല്ല രാജിയെന്ന് വിശദീകരിക്കുന്ന എൻ.സി.പി. ഭിന്നതയിൽ സി.പി.എം പക്ഷത്താണ്. ഇതിനിടെ ഭരണമുന്നണിയിലെ ഭിന്നതയിൽ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു.