തിരുവനന്തപുരം: മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ സംഭവത്തിൽ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സിപിഎം. പാര്‍ട്ടിയുടെ സംസ്ഥാന സമിതിയോഗത്തിലാണ് വിമർശനമുയര്‍ന്നത്.

മുഖ്യമന്ത്രിക്ക് പിന്നാലെ ഡിജിപിയെ കൂടി വിളിച്ച് വരുത്തി. മാത്രമല്ല തുടര്‍ന്നിറക്കിയ വാര്‍ത്താ കുറിപ്പിലും രാഷ്ട്രീയ ലക്ഷ്യം സംശയിക്കണമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ചര്‍ച്ചയിൽ പങ്കെടുത്ത രണ്ട് പേരാണ് ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

നേരത്തെ സംസ്ഥാന സമിതിയിൽ സീതാറാം യച്ചൂരിക്ക് നേരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു . കോണ്‍ഗ്രസ് സഹായത്തോടെ മത്സരിക്കാനില്ലെന്ന് ആദ്യം തന്നെ യച്ചൂരി നിലപാട് വ്യക്തമാക്കിയിരുന്നെങ്കിൽ തുടര്‍ ചര്‍ച്ചകൾക്ക് പ്രസക്തിയില്ലാതായേനെ. കോണ്‍ഗ്രസ് പിന്തുണച്ചത് പാര്‍ട്ടിയെ അല്ലെന്നും പകരം യച്ചൂരിയെ ആണെന്നും എസ് രാമചന്ദ്രൻ പിള്ള സംസ്ഥാന സമിതിയിൽ റിപ്പോര്‍ട്ട് ചെയ്തു.

യച്ചൂരിയുടെ നടപടി പദവിക്ക് നിരക്കാത്തതാണെന്ന വിമര്‍ശനം കെഎൻ ബാലഗോപാലും എം സ്വരാജുമാണ് ചര്‍ച്ചയിൽ ഉന്നയിച്ചത്. സംസ്ഥാന സമിതിയോഗം നാളെയും തുടരും.