കോഴിക്കോട്: ഏഴാം നൂറ്റാണ്ട് പരാമര്‍ശവും ഗെയില്‍ സമരത്തോടുളള നിലപാടും കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന് പുതിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം നിന്ന എപി സുന്നി വിഭാഗം സിപിഎം നിലപാടിനെതിരെ രംഗത്തെത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി ജോര്‍ജ്ജ് എം തോമസിന്റെ വിജയത്തില്‍ എപി സുന്നി വിഭാഗത്തിന്റെ പിന്തുണ നിര്‍ണ്ണായകമായിരുന്നു.
ഇപ്പോല്‍ ഗെയില്‍ വിരുദ്ധ സമരം കത്തി നില്‍ക്കുന്ന കാരശേരി പഞ്ചായത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് പോലും ജോര്‍ജ്ജ് എം തോമസ് പദ്ധതി നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കിയരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഗെയില്‍ സമരത്തിനു പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന സിപിഎം നിലപാട് ഇവിടുത്തെ പാര്‍ട്ടി അണികള്‍ക്കിടയിലും അസ്വസ്ഥത സൃഷ്‌ടിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗെയില്‍ സമരം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത രൂപത്തിലുളളതാണെന്ന പ്രസ്താവന വന്നത്.
കൊടുവളളിയിലെ കോടിയേരിയുടെ വിവാദ കാര്‍ യാത്രയോടെ വെട്ടിലായ കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന് കൂടുതല്‍ പ്രതിസന്ധിയാണ് ഗെയില്‍ സമരം സൃഷ്‌ടിക്കുന്നത്.
